
കൊച്ചി: ഒരു കുഞ്ഞുപോലും ലഹരിയുടെ വഴിയേ പോയി ജീവിതം പാഴാക്കാതിരിക്കാൻ സമൂഹം ജാഗരൂകരായിരിക്കണമെന്ന് നടൻ സുരേഷ് ഗോപി പറഞ്ഞു.ലഹരി ഉൾപ്പെടെയുള്ള സാമൂഹിക തിന്മകൾക്കെതിരെ പോരാടാൻ രൂപീകരിച്ച സംഘടനയായ സൺ ഇന്ത്യ (സേവ് ഔവർ നേഷൻ)യുടെ സംസ്ഥാനതല പ്രവർത്തനോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ നിലനിൽപ്പിനെ തകർക്കുന്ന, ലഹരിമാഫിക്കെതിരായ പോരാട്ടം അനിവാര്യമായിരിക്കുന്നു. തീവ്രവാദത്തിന്റെ മുഖവും ഭാവവും മാറിയിരിക്കുകയാണ്. രാജ്യത്തിന്റെ മുന്നോട്ടുള്ള കുതിപ്പിനെ എങ്ങനെ തടയാമെന്നാണ് തീവ്രവാദികൾ ചിന്തിക്കുന്നത്. രാജ്യത്തെ തകർക്കാൻ കുടുംബത്തെ തകർക്കുകയാണ് അവരുടെ ലക്ഷ്യം- സുരേഷ് ഗോപി പറഞ്ഞു. കേണൽ എസ്.ഡിന്നി അദ്ധ്യക്ഷത വഹിച്ചു.
സ്‌ക്വാഡ്രൺ ലീഡർ കെ.എസ്.മാത്യു, പത്തനംതിട്ട മുസലിയാർ ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻ ചെയർമാൻ ഷെരീഫ് മുഹമ്മദ്, സ്വദേശി ജാഗരൺ മഞ്ച് മുൻ സംസ്ഥാന കൺവീനർ സി.ജി.കമലാകാന്തൻ, ഗാനരചയിതാവ് രാജീവ് ആലുങ്കൽ, ജീവൻ ടി.വി ചെയർമാൻ പി.ജെ.ആന്റണി, ഡോ.ജോജി എബ്രഹാം എന്നിവർ സംസാരിച്ചു.
സൺ ഇന്ത്യ ഭാരവാഹികളായി കേണൽ എസ്.ഡിന്നി (പ്രസിഡന്റ്), ഡോ.ജോജി എബ്രഹാം ( ജനറൽ സെക്രട്ടറി) ജെയ്‌സൺ ജോൺ ( ട്രഷറർ).
ഷെരീഫ് മുഹമ്മദ് (പത്തനംതിട്ട), മേജർ അമ്പിളിലാൽ കൃഷ്ണ (തൊടുപുഴ), മേഴ്‌സി എബ്രഹാം (കോട്ടയം), അഡ്വ.തോമസ് മാത്യു (തിരുവല്ല), രാജീവ് ആലുങ്കൽ (ആലപ്പുഴ), സുരേഷ് കുമാർ (തിരുവനന്തപുരം), എ.കെ.നസീർ എറണാകുളം( വൈസ് പ്രസിഡന്റുമാർ), സി.ജി. കമലാകാന്തൻ- എറണാകുളം, എം.ആർ.പ്രസാദ്- കായംകുളം, അഡ്വ.ബി.അശോക് -കോട്ടയം, ജെയ്മോൻ ലൂക്കോസ്- കാസർകോഡ്, സണ്ണി എല്ലങ്കുന്നം- ചങ്ങനാശേരി ( സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.
 ലഹരിക്ക് എതിരെ വീടുകളിൽ ഇന്ന് ദീപം തെളിക്കും
സംസ്ഥാന സർക്കാരിന്റെ മയക്കുമരുന്ന് വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി ഇന്ന് എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ലഹരിവിരുദ്ധ ദീപം തെളിക്കുന്ന പരിപാടിയെ സൺ ഇന്ത്യ സ്വാഗതം ചെയ്തു. ലഹരിക്ക് എതിരെ സംഘടനയുടെ പ്രവർത്തകർ വീടുകളിൽ ദീപം തെളിക്കും.