
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണക്കോടതി ജഡ്‌ജിയെ അപകീർത്തിപ്പെടുത്തുന്ന പരാമർശം നടത്തിയ സംവിധായകൻ ബൈജു കൊട്ടാരക്കര കുറ്റം സമ്മതിച്ച് പരസ്യമായി മാപ്പു പറയണമെന്ന് ഹൈക്കോടതി. ഹൈക്കോടതി സ്വമേധയാ എടുത്ത കോടതിലയക്ഷ്യക്കേസിലാണ് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നിർദ്ദേശം.
ചാനലിലൂടെ തന്നെ മാപ്പു പറയാമെന്ന് ബൈജുവിന്റെ അഭിഭാഷകൻ അറിയിച്ചു. കുറ്റം സമ്മതിക്കാതെയുള്ള മാപ്പപേക്ഷ സ്വീകരിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ ഡിവിഷൻ ബെഞ്ച്, ബൈജു മാപ്പു പറഞ്ഞ് ഇക്കാര്യം വ്യക്തമാക്കി സത്യവാങ്മൂലം നൽകാനും ആവശ്യപ്പെട്ടു.
അടുത്ത തവണ ചാനൽ ചർച്ചയിൽ പരസ്യമായി മാപ്പു പറയണം. മേലിൽ ഇത് ആവർത്തിക്കില്ലെന്നും വ്യക്തമാക്കണം. സത്യവാങ്മൂലം നൽകുന്നതുവരെ ബൈജു നേരിട്ട് ഹാജരാകണം. ഇന്നലെ ബൈജു ഹാജരായിരുന്നു. ഹർജി നവംബർ 15 ന് പരിഗണിക്കാൻ മാറ്റി.
ജുഡിഷ്യറിയിലുള്ള
വിശ്വാസം തകർക്കരുത്
കോടതികളെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങളിലൂടെ ജുഡിഷ്യറിയിലുള്ള പൊതുജനങ്ങളുടെ വിശ്വാസം തകർക്കരുതെന്നു ഡിവിഷൻ ബെഞ്ച് പറഞ്ഞു. ചാനൽ ചർച്ചകൾക്കൊന്നും കോടതി എതിരല്ല. എന്തിനാണ് കോടതികളെ ഇതിലേക്ക് വലിച്ചിഴയ്‌ക്കുന്നത്? കോടതിയാണ് അവസാന ആശ്രയമെന്നു പറയും, പരസ്യമായി അപമാനിക്കുകയും ചെയ്യും.