കൊച്ചി: എളംകുളത്ത് ജല അതോറിറ്റിയുടെ പുതിയ മലിനജല സംസ്കരണ പ്ലാന്റ് (സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്– എസ്.ടി.പി) കമ്മിഷനിംഗ് നീളുന്നു. ജൂണിൽ പ്ളാന്റ് പ്രവർത്തന സജ്ജമാകുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ട്രയൽ റൺ തുടരുന്നു. വിവിധ കാരണങ്ങളാൽ കമ്മിഷനിംഗ് വൈകുകയാണ്. പ്രതിദിനം 45 ലക്ഷം ലിറ്റർ ശേഷിയുള്ള 50 വർഷത്തിലേറെ പഴക്കമുള്ള പ്ലാന്റിന് പകരണമാണ് പുതിയ പ്ളാന്റ്.

പുതിയ പ്ലാന്റ് സജ്ജമായാലും കുറച്ചു കാലത്തേക്ക് കൂടി പഴയ പ്ലാന്റ് പ്രവർത്തിപ്പിക്കും. പ്ലാന്റിനൊപ്പം 30 കിലോമീറ്റർ പ്രദേശത്ത് അതിന്റെ ഉപയോഗ ശൃംഖലയും രണ്ട് പമ്പിംഗ് സ്‌റ്റേഷനുകളും നിർമ്മിക്കും. എളംകുളത്തെ ട്രീറ്റ്‌മെന്റ് പ്ലാന്റിന് ശേഷി കുറവായതിനാൽ സംസ്ഥാന സർക്കാരിന്റെ ശുചിത്വമിഷന് കീഴിലുള്ള കാക്കനാട് ബ്രഹ്മപുരത്തെ സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിലാണ് നഗരത്തിലെ കക്കൂസ് മാലിന്യം ഉൾപ്പടെയുള്ള മലിനജല സംസ്കരണം നടക്കുന്നത്

 അഞ്ചു ഡിവിഷനുകളിലെ സംസ്‌കരണം

കൊച്ചി കോർപ്പറേഷനിലെ എളംകുളം, ഗാന്ധിനഗർ, എറണാകുളം സൗത്ത്, സെൻട്രൽ, നോർത്ത് എന്നീ അഞ്ചു ഡിവിഷനുകളിലെ കക്കൂസ് മാലിന്യമാണു പൈപ്പ് വഴി ഇവിടെയെത്തിച്ചു സംസ്‌കരിക്കുക. നിലവിൽ സീവേജ് പൈപ്പ് ലൈൻ ശൃംഖലയുള്ള ഡിവിഷനുകളാണിത്.

എം.ബി.ബി.ആർ സങ്കേതികവിദ്യ

മൂവിംഗ് ബെഡ് ബയോഫിലിം റിയാക്ടർ (എം.ബി.ബി.ആർ) എന്ന സങ്കേതിക വിദ്യയാണു പുതിയ പ്ലാന്റിലുള്ളത്. രാസപദാർഥങ്ങൾക്കു പകരം ബാക്ടീരിയ ഉപയോഗിച്ചു മലിനജലത്തിലെ മാലിന്യം വിഘടിപ്പിച്ചു വേർതിരിക്കുന്നതാണ് പ്രക്രിയ. ഇതു കൂടുതൽ ഫലപ്രദവും പരിസ്ഥിതി സൗഹാർദവും ചെലവു കുറഞ്ഞതുമായ രീതിയാണ്.

 നഗരപരിധിയിലെ 1.718 കണക്ഷനുകളിൽ നിന്നുള്ള മലിനജലം പ്ലാന്റിൽ സംസ്‌കരിക്കാം

പ്രതിദിനം 50 ലക്ഷം ലിറ്റർ ശുദ്ധീകരണ ശേഷി

അമൃത് പദ്ധതിയുടെ ഭാഗമായി 14.45 കോടി രൂപ ചെലവഴിച്ചാണ് നിർമ്മാണം

 അഞ്ചു വർഷത്തെ പ്രവർത്തന, അറ്റകുറ്റപ്പണി ചുമതല കരാർ കമ്പനിയായ മേരിമാതാ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിനാണ്

 കമ്മിഷനിംഗിന് മുന്നോടിയായി എസ്.ടി.പി റോഡ് അറ്റകുറ്റപ്പണികൾ നടത്തി നവീകരിക്കും

 പ്ളാന്റിന് സമീപത്തായി വർഷങ്ങളായി അടിഞ്ഞുകൂടിയിരിക്കുന്ന ചളിയും മാലിന്യങ്ങളും നീക്കം ചെയ്യും

 പ്ളാന്റിന്റെ പ്രവർത്തനം സുഗമമാക്കുന്നതിനായി മൂന്നു ഷിഫ്ടുകളിലായി ജീവനക്കാരെ നിയോഗിക്കും. നിലവിൽ ഒരു ഷിഫ്റ്റാണുള്ളത്

 നാടിന് മാതൃകയാകണം

പ്ളാന്റ് സ്ഥിതിചെയ്യുന്ന എളംകുളം, സമീപ ഡിവിഷനുകളായ പനമ്പള്ളിനഗർ, കടവന്ത്ര, ഗിരിനഗർ എന്നിവിടങ്ങളിലെ മലിനജലം പുതിയ പ്ളാന്റിൽ സംസ്കരിക്കുന്നതിന് സൗകര്യം ഒരുക്കണം. കനത്ത മഴ പെയ്യുമ്പോൾ പനമ്പള്ളി നഗറിലെ വീടുകളിലേക്ക് കക്കൂസ് മാലിന്യങ്ങൾ ഒഴുകിയെത്തുന്നത് സ്ഥിരംസംഭവമാണ്. ഇവിടുത്തെ സീവേജ് പൈപ്പുകളെ പ്ളാന്റുമായി ബന്ധിപ്പിച്ചാൽ പ്രശ്നത്തിന് പരിഹാരമാകും.

ആന്റണി പൈനൂത്തുറ

ഡിവിഷൻ കൗൺസിലർ