c

കൊച്ചി: കഥകൾ പറഞ്ഞുതീരാതെ കാണാമറയത്തേക്ക് മറഞ്ഞ കഥാകൃത്ത് ജോൺപോൾ ഇനി മരണവും മറവിയുമില്ലാത്ത അക്ഷരലോകത്തെ ഹൃദയസിംഹാസനത്തിൽ. പ്രിയ കഥാകാരന് ചാവറ സാംസ്കാരിക കേന്ദ്രത്തിൽ സ്ഥിരം 'ഇരിപ്പിട"മൊരുക്കുകയാണ് അക്ഷരസ്നേഹികൾ.

'ജോൺ പോൾ കോർണറിലെ" അക്ഷരലോകം ഉത്രാളിക്കാവിലെയും നെടുമുടിയിലെയും മാത്രമല്ല, എണ്ണമറ്റ ദ്രാവിഡ ബിംബങ്ങളുടെ സങ്കല്പ സൗന്ദര്യങ്ങളിലേക്കും വഴികാട്ടുന്നു.

ഭരതനും നെടുമുടി വേണുവുമുൾപ്പെടെ പ്രതിഭകളെ മലയാളത്തിലെ നിത്യവസന്തമാക്കിയ ജോൺപോളിനെ വരുംതലമുറയ്ക്ക് പുസ്തകക്കോണിൽ അടുത്തറിയാം. അദ്ദേഹത്തിന്റെ ജീവിതവും ദർശനവും അറിയാൻ മാത്രമല്ല, വിശ്വസാഹിത്യത്തെക്കുറിച്ചും പഠിക്കാം.

37 സ്വന്തം കൃതികളടക്കം ജോൺപോളിന്റെ സ്വകാര്യ ശേഖരത്തിലെ 900 ഓളം പുസ്തകങ്ങളാണ് എറണാകുളം സൗത്തിലെ ചാവറ കൾച്ചറൽ സെന്ററിലെ വായനശാലയിലുള്ളത്. മറ്റു സാഹിത്യ കൃതികളുടെ വിശാലലോകം തൊട്ടരികിലുണ്ട്.

രോഗക്കിടക്കയിൽ നിന്നു മടങ്ങിവന്ന് ഇനിയും ഒരുപാടു തിരക്കഥകളെഴുതണമെന്ന് മോഹിച്ച അദ്ദേഹം അവസാനനിമിഷം വരെ പ്രിയപ്പെട്ടവരോട് അവ്യക്തമായി പങ്കുവച്ചതും സിനിമാ സ്വപ്നങ്ങളായിരുന്നു. എന്നും പുലർച്ചെ രണ്ടരയോടെ എഴുന്നേറ്റ് കഥകളുടെയും ചിന്തകളുടെയും കെട്ടഴിച്ചിരുന്ന അദ്ദേഹം വാട്സാപ് സന്ദേശങ്ങളിൽ കെ.സുനീഷിനോടു പങ്കുവച്ചതിന്റെ സമാഹാരമാണ് 'ജോൺപോൾ സംഭാഷണങ്ങളിലൂടെ ജീവിതം വരയുന്നു" എന്ന പുസ്തകം. ചാവറയിലെ നവീകരിച്ച വായനശാലയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് സാഹിത്യകാരൻ ഡോ.എം.കെ.സാനു പ്രകാശനം നിർവഹിക്കും. ദിവസം പിന്നീട് പ്രഖ്യാപിക്കും.

ജോൺപോളുമായി ബന്ധപ്പെട്ട എല്ലാ പുസ്തകങ്ങളും സമാഹരിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതായി ചാവറ സാരഥികൾ പറഞ്ഞു. 1971ൽ തുടക്കമിട്ട ചാവറയിലെ എല്ലാ സാംസ്കാരിക പരിപാടികളുമായി സഹകരിച്ചിരുന്ന അദ്ദേഹത്തിന്, ഡിജിറ്റൽ കാലഘട്ടത്തിലും പരമ്പരാഗത രീതിയിലുള്ള പുസ്തകശാല അനിവാര്യമാണെന്ന് നി‌ർബന്ധമുണ്ടായിരുന്നു.

""ആശുപത്രിയിലായിരുന്നപ്പോഴും ജീവിതത്തിലേക്ക് മടങ്ങിവരുമെന്നും ഒരുപാട് കഥകളെഴുതുമെന്നും ജോൺപോൾ ഉറച്ചു വിശ്വസിച്ചിരുന്നു. മദർതെരേസയെക്കുറിച്ച് സിനിമയെടുക്കാൻ ആഗ്രഹിച്ചിരുന്നു""

ഫാ. തോമസ് പുതുശേരി,​

ഡയറക്ട‌ർ,​

ചാവറ കൾച്ചറൽ സെന്റർ