
തൃക്കാക്കര: എറണാകുളം കളക്ടറേറ്റിൽ നടന്ന വിവാദമായ പ്രളയഫണ്ട് തട്ടിപ്പിൽ സർക്കാരിന് നഷ്ടമായത് 17,48,500 രൂപയെന്ന് പൊലീസ്. മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ എറണാകുളം സിറ്റി ക്രൈംബ്രാഞ്ച് മുൻ എ.സി.പി ടി.ബിജി ജോർജ് സമർപ്പിച്ച അന്തിമ റിപ്പോർട്ടിലാണ് വിവരം. കഴിഞ്ഞ വർഷം ഫെബ്രുവരി അഞ്ചിനാണ് റിപ്പോർട്ട് സമർപ്പിച്ചത്. പ്രാഥമിക റിപ്പോർട്ടിൽ 67.78 ലക്ഷം രൂപയെന്നാണ് പൊലീസ് വ്യക്തമാക്കിയിരുന്നത്. വെട്ടിപ്പിനെക്കുറിച്ച് അന്വേഷിക്കാൻ സർക്കാർ നിയോഗിച്ച ലാൻഡ് റെവന്യൂ ജോയിന്റ് കമ്മിഷണർ ഡോ.എ.കൗശിഗൻ 2020 ജൂണിൽ സമർപ്പിച്ച റിപ്പോർട്ടിൽ വെട്ടിപ്പ് 24.44 കോടി വരെയാകാമെന്ന് കണ്ടെത്തിയിരുന്നു.
2018ലെ വെള്ളപ്പൊക്ക ദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ജില്ലാ ട്രഷറിയിലേക്ക് കൈമാറുന്ന തുക ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് നൽകിയത്. അക്കൗണ്ട്നമ്പറുകളുടെയും മറ്റും പിശകുകൾ മൂലം കൈമാറാൻ കഴിയാതെ വന്ന തുക ലിസ്റ്റിൽ കൃത്രിമം കാട്ടി വിഷ്ണുപ്രസാദ് തട്ടിയെടുത്തെന്നാണ് കുറ്റപത്രം.
ഇത്തരം പിശകുകൾ ഗുണഭോക്താക്കളുടെ സാന്നിദ്ധ്യത്തിൽ പരിഹരിക്കുന്നതിനായി വിഷ്ണുപ്രസാദിനെ കളക്ടർ പാസ്വേർഡ് നൽകി ചുമതലപ്പെടുത്തിയിരുന്നു. ഈ സൗകര്യം മുതലെടുത്ത്, പണം കൈമാറാതെ കിടന്നവരെ കണ്ടെത്തി അവരുടെ അക്കൗണ്ടിന് പകരം പ്രതിയുടെയും കൂട്ടുപ്രതികളുടെയും അക്കൗണ്ട് വിവരങ്ങൾ നൽകി സ്വന്തം അക്കൗണ്ടുകളിലേക്ക് മാറ്റി തുക തട്ടിയെടുത്തെന്നാണ് കേസ്. പിന്നീട് പരാതിയുമായി എത്തിയവർക്ക് വിഷ്ണു വേറെ ഫണ്ട് കണ്ടെത്തി അക്കൗണ്ട് തിരുത്തി പണം നൽകി.
പ്രളയം ബാധിക്കാത്ത മേഖലയായ തൃക്കാക്കരയിൽ ദുരിതാശ്വാസത്തുക എത്തിയത് കണ്ട് അയ്യനാട് സഹകരണ ബാങ്ക് സെക്രട്ടറിക്ക് തോന്നിയ സംശയമാണ് വെട്ടിപ്പ് കണ്ടെത്താൻ കാരണമായത്.
ഡോ.എ.കൗശിഗന്റെ 1,500 പേജ് റിപ്പോർട്ടിൽ നഷ്ടം തിരിച്ചുപിടിക്കാനും ആവർത്തിക്കാതിരിക്കാനുള്ള നടപടികൾക്കുമായി 24 ശുപാർശകളുണ്ട്. ഇതിൽ സർക്കാർ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. വിഷ്ണു പ്രസാദ് സ്വന്തം ബാങ്ക് അക്കൗണ്ടുകളിലേക്ക് 9,65,000 രൂപ മാറ്റിയെന്ന് കൗശിഗന്റെ റിപ്പോർട്ടിലും സൂചിപ്പിച്ചിട്ടുണ്ട്.
കൗശിഗൻ റിപ്പോർട്ടിൽ നിന്ന്
# മൊത്തം ഗുണഭോക്താക്കളുടെ 1,06,799 അക്കൗണ്ട് നമ്പറുകളിൽ 6611 എണ്ണം ആവർത്തനം. 6570 അക്കൗണ്ട് നമ്പറുകൾ രണ്ടുപ്രാവശ്യവും ബാക്കിയുള്ളവ ആറു പ്രാവശ്യം വരെയും ആവർത്തിച്ചു.
# 540 അക്കൗണ്ട് നമ്പറുകളിലേക്ക് വ്യത്യസ്ത തുകകളായി ഏഴു കോടി നൽകി.
# എൻ.ഐ.സി വിഭാഗം ഉദ്യോഗസ്ഥർക്ക് ഗുരുതരമായ വീഴ്ചയുണ്ടായി.
# ഡി.ബി.റ്റി പ്രകാരമേ പണം വിതരണം ചെയ്യാവൂ എന്നിരിക്കെ അയ്യനാട് സഹ. ബാങ്കിലേക്ക് 10,45,000 രൂപ നൽകി.
നഷ്ടക്കണക്ക്
പൊലീസിന്റെ പ്രാഥമിക റിപ്പോർട്ട് : 67,78 ലക്ഷം
ഡോ.എ.കൗശിഗൻ റിപ്പോർട്ട് : 24.44 കോടി
പൊലീസിന്റെ അന്തിമറിപ്പോർട്ട് : 17.48 ലക്ഷം
കേസിലെ പ്രതികൾ
1. വിഷ്ണു പ്രസാദ് (കളക്ടറേറ്റ് സെക്ഷൻ ക്ളാർക്ക്)
2. മഹേഷ് (വിഷ്ണുവിന്റെ സുഹൃത്ത്)
3.അൻവർ (മഹേഷിന്റെ സുഹൃത്ത്)
4. കൗലത്ത് (അൻവറിന്റെ ഭാര്യ)
5.നീതു മഹേഷ് (മഹേഷിന്റെ ഭാര്യ)
6. നിധിൻ (മഹേഷിന്റെ സുഹൃത്ത്)
7. ഷിന്റു മാർട്ടിൻ (നിധിന്റെ ഭാര്യ)