kerala-high-court

കൊച്ചി: സംസ്ഥാനത്തെ എട്ട് സർവകലാശാലാ വി.സിമാർക്ക്, ചാൻസലർ കൂടിയായ ഗവർണർ നൽകിയ കാരണം കാണിക്കൽ നോട്ടീസിന്റെ അടിസ്ഥാനത്തിൽ അവർ നൽകുന്ന വിശദീകരണം പരിഗണിച്ചു തീരുമാനമെടുക്കുന്നതു വരെ പദവിയിൽ തുടരാമെന്ന് ഹൈക്കോടതി. ഒക്ടോബർ 24നു രാവിലെ 11.30നകം രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് ഗവർണർ നൽകിയ കത്തിനെതിരെ വൈസ് ചാൻസലർമാർ നൽകിയ ഹർജി തീർപ്പാക്കിയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ തിങ്കളാഴ്‌ച വിധി പറഞ്ഞത്.
സാങ്കേതിക സർവകലാശാലാ വി.സിയുടെ നിയമനം നടപടിക്രമങ്ങൾ പാലിച്ചല്ലെന്നു വിലയിരുത്തി സുപ്രീം കോടതി റദ്ദാക്കിയ സാഹചര്യത്തിലാണ് സമാനമായ രീതിയിൽ നിയമിക്കപ്പെട്ട ഒമ്പത് വി.സിമാരോട് ഗവർണർ രാജി ആവശ്യപ്പെട്ടത്. (ഇതിൽ,കേരള വി.സി

ഇന്നലെ വിരമിച്ചിരുന്നു).ഗവർണറുടെ നടപടി ശരിയായില്ലെന്നു വ്യക്തമാക്കിയ ഹൈക്കോടതി, പത്തു ദിവസത്തിനകം വിശദീകരണം നൽകണമെന്നാവശ്യപ്പെട്ട്

പിന്നീട് കാരണം കാണിക്കൽ നോട്ടീസ് നൽകിയതു കണക്കിലെടുത്താണ് ഗവർണർ അന്തിമ തീരുമാനമെടുക്കുന്നതു വരെ പദവിയിൽ തുടരാൻ വി.സിമാർക്ക് അനുമതി നൽകിയത്.കാരണം കാണിക്കൽ നോട്ടീസ് നൽകിയതോടെ ,രാജി ആവശ്യപ്പെട്ട് നൽകിയ കത്ത് അപ്രസക്തമായെന്നും സിംഗിൾബെഞ്ച് പറഞ്ഞു. വി.സിമാർ നോട്ടീസിനു മറുപടി നൽകണം. ഇവരുടെ വാദങ്ങൾ കൂടി പരിഗണിച്ച് നടപടിക്രമങ്ങൾ പാലിച്ച് ചാൻസലർ തീരുമാനമെടുക്കണം. തീരുമാനങ്ങളിൽ എതിർപ്പുള്ളവർക്ക് കോടതിയെ സമീപിക്കാം.

കേരള വി.സി ഡോ. വി.പി. മഹാദേവൻ പിളള, എം.ജി വി.സി ഡോ. സാബു തോമസ്, കുസാറ്റ് വി.സി ഡോ. കെ.എൻ. മധുസൂദനൻ, കുഫോസ് വി.സി ഡോ. കെ. റിജി ജോൺ, കാലടി വി.സി ഡോ. എം.വി. നാരായണൻ, കലിക്കറ്റ് വി.സി. ഡോ. എം.കെ. ജയരാജ്, മലയാളം വി.സി ഡോ. വി. അനിൽകുമാർ, കണ്ണൂർ വി.സി ഡോ. ഗോപിനാഥ് രവീന്ദ്രൻ എന്നിവർ നൽകിയ ഹർജികളാണ് സിംഗിൾ ബെഞ്ച് പരിഗണിച്ചത്. തിങ്കളാഴ്ച ദീപാവലി അവധിയായിരുന്നെങ്കിലും, ചീഫ് ജസ്റ്റിസിന്റെ അനുമതിയോടെ പ്രത്യേക സിറ്റിംഗ് നടത്തുകയായിരുന്നു.

കത്തിന് ഉപദേശക

സ്വഭാവമെന്ന് ചാൻസലർ

വി.സിമാരെ പുറത്താക്കുന്ന സാഹചര്യം ഒഴിവാക്കി അവർക്ക് അന്തസോടെ പുറത്തു പോകാൻ അവസരം നൽകാനാണ് രാജി ആവശ്യപ്പെട്ട് കത്തെഴുതിയതെന്നും, കത്ത് ഉപദേശക സ്വഭാവത്തിലുള്ളതായിരുന്നെന്നും ഗവർണറുടെ അഭിഭാഷകൻ വാദിച്ചു. തിടുക്കപ്പെട്ട് രാജി ആവശ്യപ്പെട്ടത് അസ്വസ്ഥതയുളവാക്കുന്ന നടപടിയാണെന്ന് ഹൈക്കോടതി പറഞ്ഞു.

ഹർജിയിൽ സർക്കാരിനെ കക്ഷി ചേർത്തതിനെയും ഹൈക്കോടതി വിമർശിച്ചു. സർക്കാരിന് ഇതിലെന്താണ് കാര്യം? ചാൻസലറും വി.സിമാരും തമ്മിലുള്ള കേസാണിതെന്നും ഹൈക്കോടതി പറഞ്ഞു. ഹർജിക്കാരാണ് കക്ഷി ചേർത്തതെന്നും , കോടതി വിധി നടപ്പാക്കുമെന്നും സർക്കാരിനു വേണ്ടി ഹാജരായ അഡി. എ.ജി അശോക് എം. ചെറിയാൻ വിശദീകരിച്ചു.