കിഴക്കമ്പലം: പട്ടിമറ്റത്ത് തെരുവുനായ ആക്രമണം രൂക്ഷം. തിങ്കളാഴ്ച മാത്രം മേഖലയിൽ കടിയേറ്റത് ആറ് പേർക്ക്.
കിഴക്കമ്പലം, കുന്നത്തുനാട് പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിലാണ് തെരുവുനായ ആക്രമണം ഉണ്ടായത്. അഞ്ചുവയസുകാരനായ ആസിം ഇബ്രാഹിം, കൈതക്കാട് വട്ടപ്പാറ നാസർ, ചൂരക്കോട് കുറങ്ങാട് കൂടി അനന്തകുമാർ, ഡബിൾപാലം കുഴുപ്പിള്ളിയിൽ ഇബ്രാഹിം, വിലങ്ങ് കീപ്പേത്ത് കബീറിന്റെ അഞ്ച് വയസുള്ള മകൻ ആസിഫ് ഇബ്രാഹിം, പട്ടിമറ്റം എരപ്പുംപാറ ഭാഗത്ത് അന്യസംസ്ഥാന തൊഴിലാളി എന്നിവരെയാണ് തെരുവുനായ ആക്രമിച്ചത്
കിഴക്കമ്പലം ജംഗ്ഷൻ, വിലങ്ങ്, കുമ്മനോട്, കാവുങ്ങപറമ്പ് തൈക്കാവ് പ്രദേശങ്ങളിലും തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണ്. രാത്രിപകൽ വ്യത്യാസമില്ലാതെ ടൗൺ കൈയ്യടക്കിയിരിക്കുകയാണ് തെരുവുനായ്ക്കൾ. പകൽ സമയങ്ങളിൽ ജംഗ്ഷനിൽ കൂട്ടംകൂടുന്ന നായ്ക്കൾ ഇരുച്ചക്ര, കാൽനട യാത്രക്കാർക്കും ഭീഷണി ഉയർത്തുന്നു. അവിചാരിതമായി വട്ടംചാടുന്ന നായ്ക്കളെ ഇടിക്കാതെ വാഹനം വെട്ടിച്ചു മാറ്റുന്നത് അപകടങ്ങൾക്കും കാരണമാകുന്നു. വൈകിട്ട് വ്യാപാര സ്ഥാപനങ്ങൾ അടച്ചാൽ പട്ടിമറ്റം നായ്ക്കളുടെ നിയന്ത്രണത്തിലാണ്. പതിനിഞ്ചിലധികം നായ്ക്കളാണ് ഈ സമയം ടൗൺ കൈയ്യടക്കുന്നത്.
തെരുവുനായ്ക്കൾ വളർത്തുമൃഗങ്ങളേയും അക്രമിക്കുന്നതും പതിവായിക്കഴിഞ്ഞു. നേരത്തെ പട്ടിമറ്റത്ത് തീറ്റയെടുക്കാൻ കെട്ടിയിരുന്ന ആടുകളെ കൊന്നൊടുക്കി. അലക്ഷ്യമായി വലിച്ചെറിയുന്ന മാലിന്യങ്ങൾ കാത്തിരിക്കുന്നവരാണ് തെരുവുനായ്ക്കൾ. അറവുമാലിന്യങ്ങൾ ഉൾപ്പെടെ വഴിയിൽ തള്ളുന്നവരുണ്ട്. മാംസാവശിഷ്ടങ്ങൾകഴിച്ച് ശീലിച്ച നായ്ക്കൾ അവ കിട്ടാതാവുമ്പോൾ ആക്രമണകാരികളാകുന്നു. വളർത്തു മൃഗങ്ങൾക്കുനേരെ തിരിയാനും കോഴികളെ പിടിക്കാനുമൊക്കെ കാരണമിതാണ്. പഞ്ചായത്തിലെ എ.ബി.സി (അനിമൽ ബെർത്ത് കൺട്രോൾ) പ്രവർത്തനങ്ങളുടെ അപര്യാപ്തതയാണ് നായ്ക്കൾ പെരുകുന്നതിന് കാരണമായത്. തെരുവുനായ ശല്യം പരിഹരിക്കാൻ അടിയന്തിര നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.