 
ആലുവ: കീഴ്മാട് ഗ്രാമപഞ്ചായത്തിലെ നെല്ലറയായിരുന്ന തുമ്പിച്ചാൽ വട്ടച്ചാൽ പാടശേഖരം രണ്ടു പതിറ്റാണ്ടിനു ശേഷം വീണ്ടും കതിരണിയും. തുമ്പിച്ചാൽ വട്ടച്ചാൽ പാടശേഖരസമിതിയുടെ സഹകരണത്തോടെ കൂട്ടമശേരി സൂര്യ ക്ലബ്ബിലെ സൂര്യ പുരുഷ സ്വയംസഹായ സംഘമാണ് 26 ഏക്കറിൽ നെൽക്കൃഷി ആരംഭിക്കുന്നത്.
തുമ്പിച്ചാലിൽ നിന്ന് പെരിയാറിൽ അവസാനിക്കുന്ന ചാലക്കൽ തോടിന് ഇരുവശവും ഇടിഞ്ഞും കാടുപിടിച്ചും വെള്ളം ഒഴുകാതെ തുമ്പിച്ചാൽ പാടശേഖരം നിരന്തരം മുങ്ങുന്ന അവസ്ഥയായിരുന്നു. തൊഴിലാളികളെ ലഭിക്കാതിരിക്കുകയും ചെയ്തതോടെ കർഷകർ കൃഷി ഉപേക്ഷിച്ചു. ഇതോടെ പാടശേഖരം തരിശുഭൂമിയായി. കർഷകത്തൊഴിലാളികൾ കൃഷിപ്പണി ഉപേക്ഷിച്ച് മറ്റ് ജോലികളിലേക്ക് തിരിഞ്ഞു. കഴിഞ്ഞ വർഷവും സൂര്യ പുരുഷ സ്വയംസഹായ സംഘം കൃഷിയാരംഭിക്കാൻ തയ്യാറായെങ്കിലും തോട് നന്നാക്കാത്തതിനാൽ നടന്നില്ല. ജില്ലാ ഭരണകൂടം നടപ്പാക്കിയ ഓപ്പറേഷൻ വാഹിനി പദ്ധതിയിൽ ചാലക്കൽ തോടിനെ ഉൾപ്പെടുത്തി തുമ്പിച്ചാൽ മുതൽ ചാലക്കൽ വരെ ശുചീകരിച്ചതോടെയാണ് കൃഷിക്ക് വഴിയൊരുങ്ങിയത്.
പാടശേഖരങ്ങളിൽ കൃഷി നിലച്ചതോടെ സമീപ വീടുകളിലെ കിണറുകളിൽ കുടിവെള്ള ക്ഷാമവുമുണ്ടായി. നെൽക്കൃഷി പുനരാരംഭിച്ചതോടെ കിണറുകളിൽ ആവശ്യത്തിന് ഉറവ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. തരിശായി കിടന്ന 26 ഏക്കറിൽ 16 ഏക്കറോളം വരുന്ന ഭൂമിയിൽ സൂര്യ പുരുഷ സ്വയംസഹായ സംഘവും ബാക്കി ഭൂവുടമകളുമാണ് കൃഷിയിറക്കുന്നത്. നെൽക്കൃഷിക്കായി നിലം ഉഴലും ആരംഭിച്ചിട്ടുണ്ട്.
പുതുതലമുറയ്ക്ക് കൃഷി അറിവുകൾ പകരുക ലക്ഷ്യം
നെൽവയലുകൾക്ക് പുനർജീവൻ നൽകുന്നതിനോടൊപ്പം പുതുതലമുറയ്ക്ക് കൃഷി അറിവുകൾ പകരുകയെന്ന ലക്ഷ്യത്തോടെയാണ് തുമ്പിച്ചാൽ വട്ടച്ചാൽ പാടശേഖരങ്ങളിൽ നെൽക്കൃഷി പുനരുജ്ജീവപ്പിക്കുന്നതെന്ന് സൂര്യ പുരുഷസ്വയം സഹായ സംഘം പ്രസിഡന്റ് ബി.എ.ഷെമീർ, സെക്രട്ടറി വി.എ. ഉസ്മാൻ എന്നിവർ പറഞ്ഞു.
സഞ്ചാരികളെയും ആകർഷിക്കും
നിർദ്ദിഷ്ട ടൂറിസം പദ്ധതി പ്രദേശത്തോട് ചേർന്ന് നെൽക്കൃഷി പുനരാരംഭിക്കുന്നത് ജനങ്ങളെ കൂടുതൽ ആകർഷിക്കുമെന്ന് വാർഡ് അംഗം ടി.ആർ.രജീഷ് പറഞ്ഞു. നിലവിൽ തുമ്പിച്ചാൽ - വട്ടച്ചാൽ തടാകത്തിന് സമീപം സഞ്ചാരികളുടെ തിരക്കാണ്. തരിശുപാടത്ത് നെൽക്കൃഷി കൂടി വരുന്നത് സഞ്ചാരികളെ ഏറെ ആകർഷിക്കുമെന്ന് കരുതപ്പെടുന്നു.