
തൃപ്പൂണിത്തുറ: റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാത്തതിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ തൃപ്പൂണിത്തുറ നഗരസഭയിൽ ഭരണ- പ്രതിപക്ഷ പോര് രൂക്ഷമാവുന്നു. ബി.ജെ.പി. കൗൺസിലർമാർ നഗരസഭാ കവാടത്തിന് മുമ്പിൽ പ്രതിഷേധ ധർണയും കുത്തിയിരിപ്പു സത്യാഗ്രഹവും നടത്തി.
തൃപ്പൂണിത്തുറ നഗരസഭയിലെ ഏട്ടോളം വാർഡുകളിൽ താറുമാറായി കിടക്കുന്ന റോഡുകൾ സഞ്ചാരയോഗ്യമാക്കാൻ മതിയായ ഫണ്ട് അനുവദിക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം. പ്രതിപക്ഷ നേതാവ് പി.കെ. പീതാംബരൻ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി. തൃപ്പൂണിത്തുറ മണ്ഡലം പ്രസിഡന്റ് നവീൻ ശിവൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് ബി.ജെ.പിയുടെ കൗൺസിലർമാർ നഗരസഭാ ചെയർപേഴ്സന് നിവേദനം നൽകി.
ബി.ജെ.പി. സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ വെറും സമരാഭാസമാണെന്ന് നഗരസഭ ചെയർപേഴ്സൺ രമ സന്തോഷ് പറഞ്ഞു. എരൂർ ഭാഗത്തെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുക, നായ്ക്കളുടെ വാക്സിനേഷൻ പ്രവർത്തനങ്ങൾ നടക്കുന്നില്ല എന്നീ ആരോപണങ്ങൾ വസ്തുതകൾക്ക് നിരക്കാത്തതാണ്. സെപ്റ്റംബർ മാസത്തിൽ ചേർന്ന മുനിസിപ്പൽ കൗൺസിൽ യോഗത്തിൽ തൃപ്പൂണിത്തുറ നഗരസഭാ പരിധിയിലെ പ്രധാന റോഡുകൾ ഉൾപ്പെടെ 35 റോഡുകളുടെ നിർമ്മാണത്തിനുള്ള 2.35 കോടിയുടെ പ്രവൃത്തികൾക്ക് ഭരണാനുമതി നൽകി ടെൻഡർ നടപടി പൂർത്തീകരിച്ചിട്ടുള്ളതാണ്.