
കൊച്ചി: കാലുകൾ മടക്കികെട്ടി ആദ്യം പുതപ്പുകൊണ്ട് പൊതിഞ്ഞു, പിന്നെ കിടക്കവിരിയിലും. സെല്ലോ ടേപ്പിൽ വരിഞ്ഞുമുറുക്കിയ ശേഷം കറുത്ത പ്ലാസ്റ്റിക്ക് കവറിലാക്കിയാണ് ലക്ഷ്മിയുടെ മൃതദേഹം എളംകുളത്തെ ഒറ്റമുറി വാടകവീട്ടിൽ ഒളിപ്പിച്ചിരുന്നത്. രക്ഷപ്പെടാൻ സമയം ലഭിക്കും വരെ ദുർഗന്ധം പുറത്തുവരരുതെന്ന് ഉറപ്പിച്ചാകും മൂന്ന് പാളിയായി മൃതദേഹം പൊതിഞ്ഞതെന്ന് പൊലീസ് വിലയിരുത്തുന്നു.
പിന്നിൽ നിന്ന് പ്ലാസ്റ്റിക് കയറിട്ടോ മറ്റോ മുറുക്കി കൊലപ്പെടുത്തിയതാകാമെന്ന് കരുതുന്നു. കഴുത്ത് ഒരുവശത്തേക്ക് ചരിഞ്ഞത് ഇതുമൂലമാകാം. മുറിവേറ്റ പാടുകളൊന്നുമില്ല. രക്തത്തിന്റെ സാന്നിദ്ധ്യം കണ്ടെത്താനായില്ല.
ലക്ഷ്മിയെ മറ്റാരെങ്കിലും കൊന്ന് റാം ബഹാദൂറിനെ തട്ടിക്കൊണ്ടുപോയതാകാമെന്നതുൾപ്പെടെയുള്ള സാദ്ധ്യതകളും പരിശോധിക്കുന്നുണ്ട്. ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, ലോഡ്ജുകൾ എന്നിവിടങ്ങളിൽ റാം ബഹാദൂറിനായി തെരച്ചിൽ നടത്തി. സമീപത്തൊന്നും സി.സി.ടിവി കാമറകളില്ല.
എറണാകുളം അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിൽ പ്രത്യേക യോഗം ചേർന്ന് അന്വേഷണ പുരോഗതി വിലയിരുത്തി. ഫോറൻസിക് വിദഗ്ദ്ധരും ഫിംഗർ പ്രിന്റ് വിഭാഗവും സ്ഥലം പരിശോധിച്ചു.
ഫോൺ വിളികളിൽ സംശയം
ലക്ഷ്മിയും റാം ബഹാദൂറും തമ്മിൽ വാക്കുതർക്കങ്ങൾ ഉണ്ടായിരുന്നതായി സമീപവാസികൾ പറയുന്നു. ലക്ഷ്മി മണിക്കൂറുകൾ പലരുമായി സംസാരിച്ചിരുന്നതായി ഫോൺകാൾ വിശദാംശങ്ങളിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവരെ വിളിച്ചുവരുത്തി ചോദ്യം ചെയ്യും. ലക്ഷ്മിയുടെ ഫോൺ കണ്ടെത്താനായിട്ടില്ല. ലക്ഷ്മിയുടെ ഫോണുമായി റാം ബഹദൂർ കടന്നിരിക്കാമെന്ന് പൊലീസ് പറഞ്ഞു.