മട്ടാഞ്ചേരി: ഇ.എസ്.ഐ ആനുകൂല്യം ആവശ്യപ്പെട്ട് ചുമട്ട് തൊഴിലാളി ക്ഷേമനിധി ബോർഡ് മട്ടാഞ്ചേരി മേഖലയുടെ കീഴിലെ തൊഴിലാളികൾ. നിലവിൽ ഇവർക്ക് മെഡിക്കൽ റീ ഇമ്പേഴ്സ്മെന്റ് സ്കീമാണുള്ളത്. ഇതുകൊണ്ട് പ്രയോജനമില്ലെന്ന് തൊഴിലാളികൾ പറയുന്നു.
ഈ പദ്ധതി പ്രകാരം കുടുംബത്തിലെ അംഗങ്ങൾക്ക് ചികിത്സാ ആവശ്യം വന്നാൽ 15,000 രൂപ വരെയേ ഒരുവർഷം ലഭിക്കൂ. ഒരംഗത്തിന് തന്നെ അത്രതുക ആയാൽ പിന്നീട് ആർക്കും ആനുകൂല്യം ലഭിക്കുകയുമില്ല. 24 മണിക്കൂർ ആശുപത്രിയിൽ കിടന്നാലേ ഇത് ലഭ്യമാകുകയുള്ളൂ. തൊഴിലാളിക്കാകട്ടേ 30,000 രൂപ വരെയേ ലഭിക്കൂ.
ഇതിനായി ഓരോ തൊഴിലാളിയും മാസം 20 രൂപ ബോർഡിൽ അടയ്ക്കുന്നുണ്ട്. 27 ശതമാനം ലെവിയും ബോർഡിൽ അടക്കുന്നുണ്ടെന്ന് തൊഴിലാളികൾ പറയുന്നു. ഇ.എസ്.ഐയാണെങ്കിൽ ആവശ്യമായ ആരോഗ്യ പരിരക്ഷ ലഭിക്കുമെന്നും ഇതിനായി മാസം പണം അടയ്ക്കണമെന്നതുകൊണ്ട് ബോർഡ് മനഃപൂർവം നിരാകരിക്കുകയുമാണെന്ന് തൊഴിലാളി എസ്.എ. ഷഫീക്ക് പറഞ്ഞു. ഹൈക്കോടതിയെ സമീപിച്ച് തങ്ങൾ അനുകൂല വിധി നേടിയെങ്കിലും വിവിധ കാരണങ്ങൾ പറഞ്ഞ് ബോർഡ് ഇത് നീട്ടി കൊണ്ടുപോകുകയാണെന്നും ഷഫീക്ക് പറഞ്ഞു. അടിയന്തിരമായി ഇ.എസ്.ഐ.ആനുകൂല്യം ലഭ്യമാക്കാൻ സർക്കാർ ഇടപെടണമെന്നും തൊഴിലാളികൾ പറയുന്നു. അതേസമയം, കാര്യങ്ങൾ കോടതിയിലായതിനാൽ ഒന്നും പറയാൻ കഴിയില്ലെന്ന നിലപാടാണ് ക്ഷേമനിധി ബോർഡിനുള്ളത്.