
കൊച്ചി: കെ.എസ്.ആർ.ടി.സിയിൽ എം.പി മാർക്കും എം.എൽ.എമാർക്കും എന്തിനാണ് സൗജന്യയാത്രയെന്ന് ഹൈക്കോടതി. സൗജന്യയാത്രാ പാസ് വിദ്യാർത്ഥികളും അംഗപരിമിതരുമടക്കം ഏറ്റവും അർഹതയുള്ളവർക്കു മാത്രമായി പരിമിതപ്പെടുത്തണം. നഷ്ടത്തിലോടുന്ന കെ.എസ്.ആർ.ടി.സിക്ക് സൗജന്യ പാസുകൾ ഭാരമാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അഭിപ്രായപ്പെട്ടു. ശമ്പളം വൈകുന്നതിനെതിരെ കെ.എസ്.ആർ.ടി.സി ജീവനക്കാരൻ ആർ. ബാജി ഉൾപ്പെടെയുള്ളവർ നൽകിയ ഹർജികളിലാണ് സിംഗിൾബെഞ്ച് ഇക്കാര്യം പറഞ്ഞത്. ശമ്പളം നൽകാൻ ബുദ്ധിമുട്ടുമ്പോൾ സാമ്പത്തികമായി മെച്ചപ്പെട്ട നിലയിലുള്ള എം.എൽ.എമാർക്കും എം.പിമാർക്കും സൗജന്യയാത്രാ പാസ് നൽകുന്നതെന്തിനാണ് ? മുൻ എം.എൽ.എമാർക്കും എം.പിമാർക്കും ആജീവനാന്ത സൗജന്യയാത്ര അനുവദിക്കുന്നത് എങ്ങനെ നീതീകരിക്കാനാവുമെന്നും ഹൈക്കോടതി ചോദിച്ചു. ജീവനക്കാരുടെ ഒക്ടോബറിലെ ശമ്പളം നവംബർ ആദ്യം നൽകാമെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചതു രേഖപ്പെടുത്തിയ സിംഗിൾ ബെഞ്ച് ഹർജികൾ നവംബർ പത്തിനു പരിഗണിക്കാൻ മാറ്റി.