eldose

കൊച്ചി: ലൈംഗിക പീഡനക്കേസിൽ എൽദോസ് കുന്നപ്പിള്ളി എം.എൽ.എയ്ക്ക് തിരുവനന്തപുരം അഡി. സെഷൻസ് കോടതി അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ ഹൈക്കോടതിയെ സമീപിക്കും. എൽദോസിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും കൂടുതൽ തെളിവെടുപ്പ് നടത്തണമെന്നും ചൂണ്ടിക്കാട്ടിയാണ് സർക്കാർ ഹർജി നൽകാനൊരുങ്ങുന്നത്. യുവതിയെ ശാരീരികമായി പീഡിപ്പിച്ചെന്ന പരാതിയിൽ കോവളം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് കോടതി എൽദോസിന് മുൻകൂർ ജാമ്യം അനുവദിച്ചത്. എന്നാൽ കേസിൽ വധശ്രമത്തിനും പീഡനത്തിനും തെളിവുകളുണ്ടെന്നും ഇക്കാര്യങ്ങൾ വിശദമായി പരിഗണിക്കാതെയാണ് മുൻകൂർ ജാമ്യം അനുവദിച്ചതെന്നും സർക്കാർ ഹർജിയിൽ ചൂണ്ടിക്കാട്ടും. ഒക്ടോബർ 20നാണ് കീഴ്‌ക്കോടതി മുൻകൂർ ജാമ്യം നൽകിയത്. കീഴ്‌ക്കോടതി ഉത്തരവിനെത്തുടർന്ന് എൽദോസ് അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരായെങ്കിലും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും സർക്കാർ പറയുന്നു.