murder

കൊച്ചി: അസഹ്യമായ ദുർഗന്ധം പരന്നതോടെ വീട്ടുടമയോട് പരാതിപ്പെട്ട എളംകുളംകാർ പോലും വിചാരിച്ചിരുന്നില്ല, ഇത് അഴുകിയ ജഡത്തിൽ നിന്ന് വമിക്കുന്നതായിരിക്കുമെന്ന്. വാടകക്കാർ ദീപാവലി ആഘോഷിക്കാൻ നാട്ടിൽപോയിരിക്കുമെന്നും നേരത്തെ വാങ്ങിവച്ച ഇറിച്ചിയോ മറ്റോ കേടുവന്നതാകുമെന്നുമാണ് പൊലീസ് വരും വരെ ഇവരും കരുതിയത്. എറണാകുളം സൗത്ത് പൊലീസ് സ്ഥലത്തെത്തി ഒറ്റമുറി തുറന്ന് പ്ലാസ്റ്റിക് കവർ പൊട്ടിച്ചപ്പോഴാണ് അഞ്ച് ദിവസം മുമ്പ് വരെ കണ്ടിരുന്ന ലക്ഷ്മിയാണ് കൊല്ലപ്പെട്ടെന്ന വിവരം സമീപവാസികൾ അറിയുന്നത്. നാട്ടുകാരുമായി ലക്ഷ്മിയും പങ്കാളി റാം ബഹാദൂറും അടുപ്പം സ്ഥാപിച്ചിരുന്നില്ലെങ്കിലും അരുംകൊല നടന്നതിന്റെ ഞെട്ടിലിലാണ് സമീപവാസികൾ. വിവരം നിമിഷങ്ങൾക്കകം പ്രചരിച്ചതോടെ സ്ഥലത്തേക്ക് ആളുകളെത്തി. പൊലീസ് സ്ഥലം സീൽ ചെയ്ത് കാവലും ഏർപ്പെടുത്തി. ഇന്നലെ രാവിലെയായിരുന്നു ഇൻക്വസ്റ്റ് നടപടികൾ. പൊലീസ് വാഹനങ്ങൾ എത്തിയതോടെ നാട്ടുകാർ വീണ്ടും കൂടി.

അതേസമയം, കൊച്ചി സിറ്റി പൊലീസിനെയും എളംങ്കുളത്തെ കൊലപാതകം പ്രതിസന്ധിയിലാക്കി. നഗരത്തിൽ കൊലപാതകങ്ങൾ വർദ്ധിച്ചതോടെ എം.എൽ.എ ഉൾപ്പെടെ പൊലീസിനെതിരെ രംഗത്തുവന്നിരുന്നു. ആരോപണങ്ങളിൽ നിന്നെല്ലാം ഇലന്തൂർ ഇരട്ട നരബലിക്കേസ് പ്രതികളെ സമർത്ഥമായി പിടികൂടി തലപൊക്കിവരുന്നതിനിടെയാണ് എളംകുളത്ത് അരുംകൊല നടന്നത്. രണ്ടരമാസത്തിനുള്ളിൽ കൊച്ചിയിൽ നടക്കുന്ന എട്ടാമത്തെ കൊലപാതകമാണിത്.

കൊലപാതകം എട്ട്

ആഗസ്റ്റ് പത്തിന് ടൗൺഹാളിന് സമീപം കൊല്ലം സ്വദേശി എഡിസനെ മദ്യ കുപ്പിയുപയോഗിച്ച് കുത്തിക്കൊലപ്പെടുത്തിയതായിരുന്നു ആദ്യസംഭവം. 14ന് സൗത്തിൽ അർദ്ധരാത്രിയാണ് വരാപ്പുഴ സ്വദേശി ശ്യാമിനെ കുത്തിക്കൊല്ലുന്നത്. ട്രാൻസ്‌ജെൻഡറുമായി സംസാരിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കാക്കനാട് ഇൻഫോപാർക്കിന് സമീപമുള്ള ഫ്ളാറ്റിൽ ഹോട്ടൽ ജീവനക്കാരനായ സജീവ് കൃഷ്ണയെ വെട്ടിക്കൊന്ന് മൃതദേഹം പ്ലാസ്റ്റിക് കവറിലും ബെഡ്ഷീറ്റിലും പൊതിഞ്ഞ് ഡക്ടിനുള്ളിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത് ആഗസ്റ്റ് 17ന്. ആഗസ്റ്റ് 28ന് നെട്ടൂരിൽ പാലക്കാട് സ്വദേശി അജയ് കുമാർ കൊല്ലപ്പെട്ടു.

സെപ്തംബർ 10നാണ് അഞ്ചാമത്തെ കൊലപാതകം. പണമിടപാടു സംബന്ധിച്ച് കലൂരിലുണ്ടായ സംഘർഷത്തിനിടെ വെണ്ണല സ്വദേശി സജിൻ കൊല്ലപ്പെട്ടത്. സമൂഹ മാദ്ധ്യമത്തിലെ പോസ്റ്റും മുൻ വൈരാഗ്യവുമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സെപ്തംബർ 18ന് ഇരുമ്പനത്ത് കത്തിക്കുത്തിൽ പുത്തൻകുരിശ് വരിക്കോലി ചെമ്മനാട് ചൂരക്കുളത്തിൽ വാടകയ്ക്ക് താമസിക്കുന്ന പ്രവീൺ ഫ്രാൻസിസാണ് കൊല്ലപ്പെട്ടത്. 25നാണ് ഏഴാമത്തെ കൊലപാതകം നടക്കുന്നത്. കലൂരിൽ ലേസർ മ്യൂസിക് ഷോയ്ക്കിടെ പാർട്ടിക്കിടെയുണ്ടായ കത്തിക്കുത്തിൽ എം.ആർ. രാജേഷാണ് കൊല്ലപ്പെട്ടത്.