gold

നെടുമ്പാശേരി: കൊച്ചി വിമാനത്താവളത്തിൽ ദി​നം പ്രതി​ നൂതനമാർഗങ്ങളാണ് സ്വർണക്കടത്തി​ന് ഉപയോഗപ്പെടുത്തുന്നത്. തോർത്ത് സ്വർണലായനി​യി​ൽ മുക്കി​യുള്ള കടത്ത് പി​ടി​ക്കപ്പെട്ടതോടെ കാൽവെള്ളയി​ൽ സ്വർണം പതി​പ്പി​ച്ച് കടത്താനാണ് ശ്രമം നടന്നത്. ഇതുൾപ്പടെ കഴി​ഞ്ഞ രണ്ടു ദി​വസങ്ങളി​ലായി​ മൂന്ന് യാത്രക്കാരി​ൽ നി​ന്നായി​ ഒന്നരക്കോടി രൂപ വിലവരുന്ന 3.529 കിലോഗ്രാം സ്വർണമാണ് പിടികൂടിയത്. ഷാർജയിൽ നിന്നും എയർ അറേബ്യ വിമാനത്തിൽ വന്ന മലപ്പുറം സ്വദേശി മുഹമ്മദ് ദിൽഷാദാണ് രണ്ട് കാൽപ്പാദങ്ങളുടെയും അടിയിൽ സ്വർണം ഒട്ടി​ച്ച് കടത്തുവാൻ ശ്രമിച്ചത്. ഇതാദ്യമാണ് ഇത്തരത്തി​ൽ സ്വർണം കടത്ത് പി​ടി​കൂടുന്നത്.

സ്വർണമിശ്രിതം കാൽപാദങ്ങളുടെ അടിയിൽ ഒട്ടിച്ച ശേഷം സോക്‌സ് ഇട്ട് സാധാരണപോലെ ഷൂസും ധരിച്ച് നടന്നപ്പോൾ സംശയം തോന്നിയാണ് കസ്റ്റംസ് ഉദ്യോഗസ്ഥൻമാർ വിശദമായ പരിശോധിച്ചത്. 1762 ഗ്രാം സ്വർണമാണ് മിശ്രിതമാക്കി കാൽപ്പാദത്തിൽ ഒട്ടിച്ചിരുന്നത്. ഇതിന് 78 ലക്ഷം രൂപ വില വരും.

മറ്റൊരു കേസിൽ ഷാർജയിൽ നിന്നും എയർ അറേബ്യ വിമാനത്തിലെത്തിയ മലപ്പുറം സ്വദേശി മുഹമ്മദ് മുസ്തഫയിൽ നിന്നും 912 ഗ്രാം സ്വർണമിശ്രിതം പിടിച്ചെടുത്തു, മിശ്രിതം നാല് കാപ്യൂസുളുകളാക്കി മലദ്വാരത്തിൽ ഒളിപ്പിച്ചാണ് കൊണ്ടുവന്നത്. 34.54 ലക്ഷം രൂപയുടെ സ്വർണമാണ് ഇയാളിൽ നിന്നും പിടിച്ചത്. അബുദാബിയിൽ നിന്ന് എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെത്തിയ കോഴിക്കോട് സ്വദേശി അഹമ്മദ് സെയ്ത് അലവിയിൽ നിന്നും 38.09 ലക്ഷം രൂപയുടെ 855 ഗ്രാം സ്വർണമാണ് പിടിച്ചത്. സ്വർണ മിശ്രിതം മൂന്ന് കാപ്‌സ്യൂളുകളിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു. സ്വർണവുമായി പിടിയിലായ മൂന്ന് യാത്രക്കാരെയും കസ്റ്റംസ് ഉദ്യോഗസ്ഥൻമാർ കസ്റ്റഡിലെടുത്ത് ചോദ്യം ചെയ്ത് വരുന്നു.