
കൊച്ചി: ഉപദേശവും ബോധവത്കരണവും ഇനിയില്ല. പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിഞ്ഞാൽ ഇനി 'വരമ്പത്ത് തന്നെ കൂലി" കിട്ടും. ഇതിനായി മൂവർസംഘം ഉടനെത്തും. പിടിച്ചാലുടൻ കനത്ത തുക പിഴ അടപ്പിക്കാൻ അധികാരമുള്ളതാണ് സംഘം.
പൊതുസ്ഥലങ്ങളും ജലസ്രോതസും മലിനമാക്കുന്നവരെ കൈയോടെ പിടികൂടി അപ്പോൾതന്നെ ശിക്ഷിക്കാൻ അധികാരമുള്ള ജില്ലാതല എൻഫോഴ്സ്‌മെന്റ് സ്ക്വാഡുകളാണ് വരുന്നത്. ഇത് സംബന്ധിച്ച മാർഗരേഖ സർക്കാർ ഉത്തരവായി പുറത്തിറങ്ങി. പെർഫോമൻസ് ഓഡിറ്റിംഗിലെ ഉദ്യോഗസ്ഥൻ, ശുചിത്വമിഷൻ എൻഫോഴ്സ്‌മെന്റ് ഓഫീസർ, ഒരു പൊലീസ് ഓഫീസർ എന്നിവരാണ് സംഘാംഗങ്ങൾ.
പത്തനംതിട്ട, ആലപ്പുഴ, വയനാട്, ഇടുക്കി, കാസർകോട് ജില്ലകളിൽ ഓരോ സ്കാഡും മറ്റ് ജില്ലകളിൽ രണ്ടുവീതം സ്ക്വാഡുകളുമുണ്ടാകും. ഒന്നിലധികം സ്ക്വാഡുകളുള്ള ജില്ലകളെ രണ്ട് സോണുകളായി വിഭജിച്ചായിരിക്കും പ്രവർത്തനം.
മാലിന്യസംസ്കരണം സംബന്ധിച്ച പരാതികൾ, നേരിട്ട് കണ്ടെത്തുന്ന കുറ്റകൃത്യങ്ങൾ എന്നിവയിൽ നിയമപരമായ പരിഹാരം കാണുന്നതിൽ വീഴ്ച വരുത്തുന്ന സ്ക്വാഡ് അംഗങ്ങൾക്കെതിരെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ സ്ക്വാഡ് പ്രവർത്തനത്തിന് കൃത്യമായി നിയോഗിക്കാതിരുന്നാൽ അതത് വകുപ്പ് തലവന്മാർക്കെതിരെയും അച്ചടക്ക നടപടിയുണ്ടാകും. പുതിയ പദവിയും വഹിച്ച് ഓഫീസിലിരുന്ന് ശമ്പളം വാങ്ങാമെന്ന് വച്ചാൽ നടക്കില്ലെന്ന് സാരം. അധികാര പരിധിയിൽ നിരന്തരം പരിശോധനകൾ നടത്തി മാലിന്യസംസ്കരണം സംബന്ധിച്ച സർക്കാർ ഉത്തരവുകൾ നടപ്പാക്കുന്നുവെന്ന് ഉറപ്പുവരുത്തേണ്ട ചുമതല പുതിയ എൻഫോഴ്സ്‌മെന്റ് സ്ക്വാഡിനാണ്.
സ്ക്വാഡിന്റെ ചുമതലകൾ
നിരോധിത വസ്തുക്കളുടെ നിർമ്മാണം, ഉപയോഗം, വിതരണം എന്നിവയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുക
മാലിന്യം കത്തിക്കുന്നവർക്കും വലിച്ചെറിയുന്നവർക്കുമെതിരെ സ്പോട്ട് ഫൈൻ ഈടാക്കുക
പൊതുനിരത്തിലോ ജലസ്രതസിലോ ജലപാതയിലോ മാലിന്യം എറിയുന്നവർക്കെതിരെ കർശനനടപടി
ദ്രവമാലിന്യം പൊതുയിടങ്ങളിലേക്ക് ഒഴുക്കുന്നതും ശുചിമുറി മാലിന്യം, ഇത്തരം മാലിന്യം വഹിക്കുന്ന പൈപ്പുകൾ എന്നിവ ജലസ്രോതസുകളിലേക്ക് തുറന്നുവച്ചിരിക്കുന്നവർക്കെതിരെയും നടപടി
സർക്കാർ അംഗീകാരമില്ലാത്ത മാലിന്യസംസ്കരണ പ്ലാന്റുകൾക്കെതിരെ നടപടി
നിരന്തരം പരിശോധന
അറവുശാലകൾ, ഇറച്ചിക്കടകൾ, കോഴിക്കടകൾ, വാണിജ്യ വ്യാപാര വ്യവസായ ശാലകൾ, ഹോട്ടലുകൾ എന്നിവിടങ്ങൾ നിരന്തരം പരിശോധിച്ച് മാലിന്യസംസ്കരണം ഫലപ്രദമായി നടക്കുന്നുവെന്ന് ഉറപ്പുവരുത്തണം. ഇല്ലെങ്കിൽ സ്ഥലത്തുവച്ച് ശിക്ഷിക്കണം.
നിരോധിത പി.വി.സി., ഫ്ലക്സ്, പോളിസ്റ്റർ, നൈലോൺ, കൊറിയൻ ക്ലോത്ത്, പ്ലാസ്റ്റിക് കലർന്നതുണി, പേപ്പർ എന്നിവയുടെ പ്രിന്റിംഗ് കേന്ദ്രങ്ങൾ പരിശോധിച്ച് മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുക, നിയമലംഘനത്തിന് പിഴ ചുമത്തുക തുടങ്ങി വിപുലമായ അധികാരങ്ങളാണ് സ്ക്വാഡിനുള്ളത്.