m-soman

കളമശേരി: കുസാറ്റിന്റെ മതിൽചാടി അകത്തുകടക്കാൻ ശ്രമിച്ചവരെ തടയുന്നതിനിടെ കുസാറ്റിലെ സെക്യൂരിറ്റി ഉദ്യോഗസ്ഥനായ ഹരിപ്പാട് സ്വദേശി എം.സോമന് പരിക്ക്. സംഘർഷത്തിൽ സോമന്റെ കൈയ്ക്ക് പൊട്ടലുണ്ടായി. ഇതിനുപിന്നാലെ ബൈക്കിലെത്തിയ ചിലർ വധഭീഷണിയും മുഴക്കി.

ദീപാവലി അവധിദിനത്തിൽ വൈസ് ചാൻസലർ ഡോ.കെ.എൻ.മധുസൂദനൻ, പ്രോ-വൈസ് ചാൻസലർ ഡോ.പി.ജി.ശങ്കരൻ എന്നിവരും ഏതാനും ജീവനക്കാരും കുസാറ്റിലെ ഓഫീസിൽ എത്തിയിരുന്നു. പിന്നാലെ എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് പ്രജിത്ത് ബാബുവിന്റെ നേതൃത്വത്തിൽ കൊടികളുമായി ഒരുസംഘം പ്രവർത്തകർ മതിൽചാടി കടക്കാൻ ശ്രമിച്ചു. ഇവരെ തടയുന്നതിനിടെയാണ് വിമുക്തഭടൻ കൂടിയായ സോമന് പരിക്കേറ്റത്.

സ്ഥലത്തുണ്ടായിരുന്ന പൊലീസാണ് സോമനെ കളമശേരി ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തിൽ വൈകാതെ പൊലീസിന് പരാതിനൽകുമെന്ന് കുസാറ്റ് വ്യക്തമാക്കി.