മൂവാറ്റുപുഴ: ലൈബ്രറി കൗൺസിൽ നടത്തുന്ന ഹൈസ്കൂൾ വിദ്യാർത്ഥികളുടെ വായനോത്സവമായ അഖിലകേരള വായന മത്സരം ഇന്ന് ഉച്ചയ്ക്ക് 2 മുതൽ 3 വരെ താലൂക്കിലെ 45 ഹൈസ്കൂളുകളിൽ നടക്കും. വായനയുടേയും അറിവിന്റേയും ലോകത്ത് സഞ്ചരിക്കുവാൻ വിദ്യാർത്ഥികളെ പ്രേരിപ്പിക്കുകയാണ് ലൈബ്രറി കൗൺസിൽ ലക്ഷ്യമിടുന്നത്. സ്കൂൾ തലം മുതൽ നാല് ഘട്ടമായിട്ടാണ് മത്സരം നടത്തുന്നത്.
താലൂക്ക് തലത്തിൽ 2500 രൂപ ഒന്നാംസ്ഥാനക്കാർക്കും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 2000, 1500 രൂപ ക്രമത്തിലും ക്യാഷ് അവാർഡ് ലഭിക്കും. കൂടാതെ ആദ്യ പത്തു സ്ഥാനക്കാർക്ക് കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ സർട്ടിഫിക്കറ്റും ലഭിക്കും . ജില്ലാതല മത്സരവിജയികൾക്ക് യഥാക്രമം 6000, 4000,3000രൂപ വീതം കാഷ് അവാർഡ് ലഭിക്കും . കൂടാതെ ശില്പവും പ്രശസ്തി പത്രവും ലഭിക്കും.
സംസ്ഥാനതലത്തിൽ യഥാക്രമം 15000, 10000, 8000 രൂപയുടെ ക്യാഷ് അവാർഡും ശില്പവും പ്രശസ്തി പത്രവും ലഭിക്കും. സ്കൂൾ തല മത്സരത്തിനുള്ള ചോദ്യപേപ്പറും ഉത്തരസൂചികയും ബ്രോഷറും സ്കൂളുകളിൽ എത്തിച്ചിട്ടുണ്ട്. ഓരോ ലൈബ്രറികളുടേയും പ്രവർത്തനപരിധിയിലുള്ള ഹൈസ്കൂളുകളിൽ വായന മത്സരം സംഘടിപ്പിക്കുന്നതിന് ലൈബ്രറി ഭാരവാഹികൾ നേതൃത്വം നൽകുമെന്നും മുഴുവൻ ഹൈസ്കൂൾ വിദ്യാർത്ഥികളും വായനാ മത്സരത്തിൽ പങ്കെടുക്കണമെന്നും താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജോഷി സ്കറിയ, സെക്രട്ടറി സി.കെ. ഉണ്ണി എന്നിവർ അറിയിച്ചു.