navy

കൊച്ചി: കൊച്ചിതീരത്ത് മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവത്തിൽ ബാലിസ്റ്റിക് റിപ്പോർട്ടും മറ്റും വേഗംകിട്ടാൻ ഫോറൻസിക് മേധാവിക്ക് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ മുഖേന കത്തയച്ച് പ്രത്യേക അന്വേഷണസംഘം. 12 തോക്കുകളും പരിശോധിക്കാനുള്ള തിരകളും കോടതിവഴി കൈമാറി മാസം ഒന്നുകഴിഞ്ഞിട്ടും ഫോറൻസിക് നടപടികൾ വൈകുന്നതിനാലാണിത്.

നാനിവകസേനയുടെ കൂടുതൽ ഇൻസാസ് ഗണ്ണുകളും അന്വേഷണസംഘം ആവശ്യപ്പെടും. വെടിയുതിർന്നത് കസ്‌റ്റഡിയിലുള്ള തോക്കുകളിൽ നിന്നല്ലെന്ന് ഫോറൻസിക് പരിശോധനയിൽ തെളിഞ്ഞാൽ, പിന്നീടുള്ള അന്വേഷണത്തോട് നാവികസേന സഹകരിക്കാതെ വന്നാലുണ്ടാകുന്ന സാഹചര്യം മറികടക്കാനാണിതെന്നാണ് വിവരം.

വെടിവച്ചത് കരയിൽ നിന്ന്
കരയിൽ നിന്നുള്ള വെടിയേറ്റാണ് മത്സ്യത്തൊഴിലാളിക്ക് പരിക്കേറ്റതെന്ന് ബാലിസ്റ്റിക് വിദഗ്ദ്ധർ കണ്ടെത്തിയിട്ടുണ്ട്. ബോട്ടിൽ നിന്ന് മത്സ്യത്തൊഴിലാളികൾ കണ്ടെടുത്ത വെടിയുണ്ട ഇൻസാസിന്റേതാണ്. നാവികസേനയുൾപ്പെടെ ഇതുപയോഗിക്കുന്നുണ്ട്.

നിഷേധിച്ച് നാവികസേന

വെടിയുതിർന്നത് പരിശീലനകേന്ദ്രത്തിൽ നിന്നല്ലെന്ന നിലപാടിലാണ് നാവികസേന. 20 മീറ്റർ ഉയരമുള്ള ഭിത്തിയിലാണ് പരിശീലനം. ഭിത്തിയിൽ തട്ടിത്തെറിക്കുന്ന വെടിയുണ്ട ഒരുകിലോമീറ്റർ അകലെ സഞ്ചരിക്കുന്ന ബോട്ടിലേക്ക് എത്തില്ല. പരിശീലന വെടിയുണ്ട പരമാവധി 200 മീറ്ററേ സഞ്ചരിക്കൂവെന്നും നേവി വിശദീകരിക്കുന്നു.