
കൊച്ചി: കൊച്ചി കോർപ്പറേഷന്റെ കീഴിലെ സ്കൂളുകളിൽ അത്യാധുനിക ശാസ്ത്ര, ജ്യോഗ്രഫി ലാബുകൾ സ്ഥാപിക്കുന്ന പദ്ധതി കൂടുതൽ വ്യാപിപ്പിക്കും. രണ്ട് സ്കൂളുകളിൽ പൂർത്തിയായി. മൂന്ന് സ്കൂളുകളിൽ കൂടി ഈവർഷം നടപ്പാക്കും.
ഇടപ്പള്ളി കുന്നുംപുറം വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ ലാബുകളുടെ നിർമ്മാണം പൂർത്തിയായി. 2021-22ലെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ഒരുകോടി രൂപ ചെലവിലാണ് ലാബുകൾ നിർമ്മിച്ചത്. ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി ജ്യോഗ്രഫി, കെമിസ്ട്രി, ഫിസിക്‌സ്, ബയോളജി ലാബുകളാണ് സജ്ജമാക്കിയത്. ലാബിലേക്കാവശ്യമായ ഉപകരണങ്ങളും ഫർണിച്ചറുകളും വാങ്ങിയതും ക്ലാസ് മുറി ലാബാക്കി മാറ്റാനുള്ള ലൈറ്റ് സംവിധാനം ഉൾപ്പെടെ ക്രമീകരിച്ചതും കോർപ്പറേഷനാണ്. ഉദ്ഘാടനം ഉടൻ ഉണ്ടാകും.
കോർപ്പറേഷൻ സജ്ജമാക്കിയ രണ്ടാമത്തെ അത്യാധുനിക സ്‌കൂൾ ലാബാണിത്. ഫോർട്ടുകൊച്ചി എഡ്വേർഡ് ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ സയൻസ് ലാബും സ്മാർട്ട് ക്ലാസും സജ്ജമാക്കിയിരുന്നു. 2021-22ലെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 98 ലക്ഷം രൂപ ചെലവിലായിരുന്നു നിർമ്മാണം. 2022-23ലെ ജനകീയാസൂത്രണപദ്ധതിയിൽ ഉൾപ്പെടുത്തി എറണാകുളം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, വെണ്ണല ഗവ. ഹയർ സെക്കൻഡറി സ്കൂൾ, മട്ടാഞ്ചേരി ഗേൾസ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലും കോർപ്പറേഷൻ ലാബ് ഒരുക്കും. 2.5 കോടി രൂപയാണ് ഫണ്ട്.
സമയബന്ധിതമായി പൂർത്തിയാക്കും
''പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്ക് മികച്ച പഠനോപാധികൾ ഒരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് അത്യാധുനിക ലാബുകൾ കൊച്ചി കോർപ്പറേഷൻ സജ്ജമാക്കുന്നത്. എറണാകുളം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, വെണ്ണല ഗവ. ഹയർ സെക്കൻഡറി സ്കൂൾ, മട്ടാഞ്ചേരി ഗേൾസ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ ലാബും സമയബന്ധിതമായി പൂർത്തിയാക്കും""
വി.എ. ശ്രീജിത്ത്, അദ്ധ്യക്ഷൻ,
വിദ്യാഭ്യാസ സ്ഥിരംസമിതി
എൻട്രൻസ് പരിശീലനവും
നിർദ്ധന വിദ്യാർത്ഥികൾക്ക് കോർപ്പറേഷൻ എം.ബി.ബി.എസ്., എൻജിനിയറിംഗ് കോച്ചിംഗ് ലഭ്യമാക്കും. യോഗ്യരായവരെ കണ്ടെത്താൻ സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് സ്കൂളുകളിലെ വിദ്യാർത്ഥികൾക്കായി കോർപ്പറേഷൻ പരീക്ഷ നടത്തിയിരുന്നു. 2600 പേരുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഇതിൽ നൂറുപേർക്കാണ് എൻട്രസ് പരിശീലനം. നിർദ്ധന വിദ്യാർത്ഥികൾക്ക് സൗജന്യ ട്യൂഷൻ നൽകാനും പദ്ധതിയുണ്ട്.
സ്പോർട്സ് ക്ളബ്ബ് രൂപീകരിക്കും
ലഹരി ഉൾപ്പെടെ ദുശ്ശീലങ്ങളിൽ നിന്ന് വിദ്യാർത്ഥികളെ പിന്തിരിപ്പിക്കാൻ കലാകായിക പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകും. സ്പോർട്സ് കൗൺസിലിന്റെ മാതൃകയിൽ സ്പോർട്സ് ക്ളബ്ബ് രൂപീകരിക്കും. മേയർ പ്രസിഡന്റാകുന്ന സ്പോർട്സ് ക്ളബ്ബിൽ സിറ്റി പൊലീസ് കമ്മിഷണർ ഉൾപ്പെടെ അംഗങ്ങളാകും.