
കൊച്ചി: എറണാകുളം ലാ കോളേജിലെ ചായ വില്പനക്കാരൻ സുബ്ബയ്യയുടെ ഭാര്യ പേച്ചിയമ്മയുടെ കാൻസർ ചികിത്സയ്ക്ക് രണ്ടാംവർഷ നിയമ വിദ്യാർത്ഥി 19കാരൻ അച്യുത് ഷേണായി ചിത്രങ്ങൾ വരച്ചുവിറ്റ് സമാഹരിച്ചത് 23,500രൂപ. ഏഴുദിവസം കൊണ്ട് സമാഹരിച്ച തുക സുബ്ബയ്യയ്ക്ക് കൈമാറി.
ഭാര്യയുടെ രോഗവിവരം സുബ്ബയ്യയിൽ നിന്ന് അറിഞ്ഞപ്പോഴാണ് അച്യുത് ചിത്രരചന ആരംഭിച്ചത്. കുടുംബവും സുഹൃത്തുക്കളും പിന്തുണച്ചു. വിദ്യാർത്ഥി സുഹൃത്തുക്കൾ പിരിവിട്ട് ചിത്രങ്ങൾ വാങ്ങി.
40 വർഷമായി നിയമകലാലയത്തിന്റെ ഭാഗമായ, 58കാരനായ തമിഴ്നാട്ടുകാരൻ സുബ്ബയ്യയുടെ ഭാര്യയുടെ ചികിത്സയ്ക്കായി അച്യുത് ചിത്രങ്ങൾ വരച്ച് വിൽക്കുന്നതായി 'കേരളകൗമുദി" കഴിഞ്ഞ 18ന് റിപ്പോർട്ട് ചെയ്തിരുന്നു. പേച്ചിയമ്മയുടെ ശസ്ത്രക്രിയയ്ക്ക് ആറ് ലക്ഷത്തോളം രൂപ ഇതിനകം ചെലവായി. മട്ടാഞ്ചേരി സ്വദേശിയും ചിത്രകാരനുമായ പിതാവ് ദിനേശ് ഷേണായിയും പ്രദർശനം നടന്ന ഏഴ് ദിവസവും അച്യുതിനൊപ്പം കോളേജിലുണ്ടായിരുന്നു.
അക്രിലിക്കിൽ വരച്ച ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്. 2,000 രൂപയായിരുന്നു അടിസ്ഥാനവില. ചിലർ കൂടുതൽ തുക നൽകി. ആദ്യഘട്ടത്തിലെ 10,000 രൂപ മേയർ എം. അനിൽ കുമാറും ബാക്കി തുക ലാ കോളേജ് പ്രിൻസിപ്പൽ ഡോ ബിന്ദു എം. നായരും സുബ്ബയ്യയ്ക്ക് കൈമാറി.
''നമ്മുടെ കഴിവുകൾ മറ്റുള്ളവർക്ക് ചെറിയ സഹായമെങ്കിലും ആകുന്നതിൽ സന്തോഷമുണ്ട്""
അച്യുത് ഷേണായി