
കൊച്ചി: പ്രൊഫ.എം.കെ സാനുവിന് പിറന്നാൾ ആശംസകൾ നേർന്ന് ശിഷ്യനും വിവരാവകാശ കമ്മിഷണറുമായ കെ.വി.സുധാകരൻ. ജന്മദിന ആഘോഷത്തോടനുബന്ധിച്ച് കൊച്ചി കോർപ്പറേഷന്റെ നേതൃത്വത്തിൽ ഇന്ന് എറണാകുളം ടി.ഡി.എം ഹാളിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ കഴിയാത്തതിനാൽ മാഷിന്റെ വസതിയിലെത്തി പൊന്നാട അണിയിച്ചു.
മഹാരാജാസ് കോളജിലെ പഠനകാലം മുതൽ മാഷുമായി അടുത്തബന്ധം പുലർത്തിയിരുന്നതായി അദ്ദേഹം പറഞ്ഞു. ഔദ്യോഗിക തിരക്കുകൾ മൂലം നീണ്ട ഇടവേളയ്ക്കു ശേഷമാണ് നേരിൽ കാണുന്നത്. മഹാരാജാസ് ഓൾഡ് സ്റ്റുഡന്റസ് അസോസിയേഷൻ പ്രസിഡന്റ് സി.ഐ.സി.സി.ജയചന്ദ്രനും ഒപ്പമുണ്ടായിരുന്നു.