കോലഞ്ചേരി: പട്ടിമറ്റത്ത് പെട്രോൾ പമ്പിൽ നിന്ന് ഡീസൽ നിറക്കുന്നതിനിടെ ടോറസ് ലോറിയുടെ കാബിനിൽ തീ പടർന്നു. പമ്പിലെ ജീവനക്കാരുടെയും ചുമട്ട് തൊഴിലാളികളുടെയും സമയോചിതമായ ഇടപെടലിനെ തുർന്ന് വൻ ദുരന്തം ഒഴിവായി.
ഇന്നലെ ഉച്ചയ്ക്ക് 2.30 ഓടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. പട്ടിമറ്റം ടൗണിലുള്ള ഭാരത് പെട്രോളിയം കമ്പനിയുടെ അമല ഫ്യൂവൽസ് പമ്പിലായിരുന്നു സംഭവം. ഡ്രൈവർ കാമ്പിനിൽ ഇരുന്ന് ഡീസൽ നിറക്കുന്നതിനിടെയാണ് ഉള്ളിൽ ചെറിയ പുക കാണുന്നത്. ആദ്യം സാരമാക്കിയില്ലെങ്കിലും പുക തീയായി നിമിഷ നേരം കൊണ്ട് പടരുകയായിരുന്നു. പ്രാണ രക്ഷാർത്ഥം ഡ്രൈവർ കാമ്പിനിൽ നിന്ന് പുറത്തേയ്ക്ക് ചാടി. ലോറിയുടെ കാമ്പിനിൽ തീ പടരുന്നത് കണ്ട പമ്പിലെ ജീവനക്കാരായ ബിജുവും രഘുവും പകച്ചു നില്ക്കാതെ പമ്പിലെ ഫയർഎക്സിറ്റിഗ്യൂഷർ തീ കണ്ട ഭാഗത്തേയ്ക്ക് ചീറ്റിച്ചു. എന്നിട്ടും തീ ആളിക്കത്തിയതോട സമീപത്തുണ്ടായിരുന്ന പട്ടിമറ്റത്തെ സി.ഐ.ടി.യു ചുമട്ട് തൊഴിലാളികളും രക്ഷാപ്രവർത്തനത്തിന് എത്തി. ബക്കറ്റിൽ വെള്ളമെടുത്ത് ഒഴിച്ചു തുടർച്ചയായി ഒഴിച്ചു കൊണ്ടിരുന്നു.
അതിനിടയിൽ പട്ടിമറ്റം ഫയർഫോഴ്സും സ്ഥലത്തെത്തി തീ കെടുത്തുകയായിരുന്നു. നിമിഷ നേരം കൊണ്ട് ലോറിയുടെ കാബിൻ പൂർണ്ണമായി കത്തിയമർന്നു. പെട്രോൾ ഡീസൽ ഡിസ്പെൻസറുകളുടെ സമീപമുണ്ടായ അപകടം അക്ഷരാർത്ഥത്തിൽ പട്ടിമറ്റം നിവാസികളെ വൻ ഭീതിയിലാക്കി. പെട്ടെന്ന് തീ കെടുത്താനയതും ജീവനക്കാരുടെ ഇടപെടലുമാണ് അപകടമുനമ്പിൽ നിന്ന് പട്ടിമറ്റത്തെ മോചിതമാക്കിയത്. ഇലക്ട്രിക് സർക്യൂട്ടുകൾ പൂർണ്ണമായും കത്തിയർമർന്ന വാഹനത്തിന്റെ ടയറുകൾ ചലിക്കാതായതോടെ വലിയ ക്രെയിൻ ഉപയോഗിച്ച് ലോറി പൊക്കി മാറ്റിയാണ് പമ്പിന്റെ പ്രവർത്തനം സാധാരണ നിലയിലാക്കിയത്.