 
ഡിസംബറോടെ വിപണി അനുകൂലമായേക്കും
കൊച്ചി: വിലയിടിവിന്റെ പിടിയിൽപ്പെട്ടുഴലുന്ന റബർ കർഷകർക്ക് പുതിയ പ്രതീക്ഷ നൽകുകയാണ് ആഗോളവിപണിയിൽ പുതിയ ചലനങ്ങൾ.
ഒക്ടോബർ- ഡിസംബർ മാസങ്ങളിൽ ഉത്പാദനം കൂടുന്നതിനുസരിച്ച് വീണ്ടും വിലയിടിയുമോയെന്ന ആശങ്കയിൽ കഴിയുന്ന കർഷകർക്ക് പുതിയ സൂചനകൾ ഏറെ ആശ്വാസവുമാകുകയാണ്.
കഴിഞ്ഞ സീസണിൽ തൊട്ടു മുൻവർഷത്തെ അപേക്ഷിച്ച് സ്വാഭാവിക റബറിന്റെ ഉത്പാദനം വർദ്ധിച്ചതും കൊവിഡിൽ ആഗോള വിപണിയിലുണ്ടായ മാന്ദ്യവുമാണ് വിലത്തകർച്ചയ്ക്ക് പ്രധാന കാരണമായത്. ചൈന, ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾ റബർ അധിഷ്ഠിത വ്യവസായമേഖലയിൽ നിന്ന് താത്കാലികമായി വിട്ടുനിൽക്കുന്നതാണ് നിലവിലെ പ്രതിസന്ധിക്ക് ആക്കം കൂട്ടിയത്. ലോകത്ത് ആകെ ഉത്പാദിപ്പിക്കുന്ന സ്വാഭാവിക റബറിന്റെ 45 ശതമാനവും ഉപയോഗിച്ചിരുന്നത് ചൈനയിലാണ്. കാർബൺ ബഹിർഗമനവുമായി ബന്ധപ്പെട്ട് ചൈനയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും വായ്പാ ലഭ്യതയിൽ നേരിട്ട കുറവും കൊവിഡ് നിയന്ത്രണങ്ങളുമാണ് ചൈനയുടെ പിന്മാറ്റത്തിന് കാരണമായത്. അവർ പ്രതിസന്ധി മറികടക്കാനുള്ള തീവ്രശ്രമത്തിലാണ്. കൊവിഡിനെ തുടർന്ന് ജപ്പാൻ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പിൻവലിച്ചുതുടങ്ങിയതും റബർ വ്യവസായത്തിന് പ്രതീക്ഷ നൽകുന്നുണ്ട്. ക്രൂഡ് ഓയിലിന്റെ വിലവർദ്ധന കാരണം കൃത്രിമ റബറിൽ നിന്ന് പ്രകൃതിദത്ത റബറിലേക്ക് മാറാൻ വ്യവസായികൾക്കും പ്രേരണയാകുന്നുണ്ട്. വരും മാസങ്ങളിൽ ടയർ നിർമ്മാതാക്കൾ കൂടുതൽ റബർ വാങ്ങുന്നതിനുള്ള സന്നദ്ധതയും പ്രകടിപ്പിച്ചിട്ടുണ്ട്. ഇതിന്റെയെല്ലാം അടിസ്ഥാനത്തിൽ ഡിസംബർ മാസത്തോടെ വിപണിയിൽ പുത്തനുണർവ് പ്രതീക്ഷിക്കാമെന്നാണ് വിപണിയിൽ നിന്ന് ലഭിക്കുന്ന സൂചന.
റബർ മേഖലയിൽ അടിക്കടിയുണ്ടാകുന്ന ചാഞ്ചാട്ടം അതിജീവിക്കാൻ കർഷകർ സ്വന്തം നിലയിലും ചില ഭേദഗതികൾക്ക് തയ്യാറാവണമെന്നാണ് റബർ ബോർഡ് നൽകുന്ന മുന്നറിയിപ്പ്. സംസ്ഥാന സർക്കാർ റബർ ബോർഡുമായി സഹകരിച്ച് നടപ്പിലാക്കുന്ന ഉത്പാദന പ്രോത്സാഹന പദ്ധതി കർഷകർക്ക് ആശ്വാസം നൽകുന്നതാണ്.
..........................................
വിപണിയിലെ പുതുചലനങ്ങൾ
1
സാമ്പത്തിക പ്രതിസന്ധിയും മറ്റും മറികടക്കാൻ ചൈന നടത്തുന്ന ശ്രമങ്ങൾ
2
ജപ്പാൻ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പിൻവലിച്ചുതുടങ്ങിയത്
3
കൃത്രിമ റബറിൽ നിന്ന് പ്രകൃതിദത്ത റബറിലേക്ക് മാറാനുള്ള വ്യവസായികളുടെ ശ്രമം
................................................................................
വിലയിലെ ചാഞ്ചാട്ടം മറികടക്കാൻ
ഒരു കിലോഗ്രാം റബറിന് കുറഞ്ഞത് 170 രൂപ ഉറപ്പാക്കുന്ന പദ്ധതി പ്രയോജനപ്പെടുത്തണം
വേനൽക്കാലത്ത് കൂടുതൽ വിളവ് കിട്ടുന്നതിന് നിയന്ത്രിത കമഴ്ത്തിവെട്ട് ടാപ്പിംഗ് രീതി പരീക്ഷിക്കാം
പുതുപ്പട്ടയ്ക്ക് മുകളിലുള്ള അസൽ പട്ടയിൽ ഇത് നടത്തിയാൽ ആദായം കൂട്ടാൻ കഴിയും.
(സി പാനലിൽ ടാപ്പിംഗ് നടത്തുന്നവർക്ക് നവംബർ മുതൽ മേയ് വരെ )
....................................................
60,000
 ഉത്പാദന വർദ്ധന
2020-21 നെ അപേക്ഷിച്ച് 2021-22 ൽ ഇന്ത്യയിലെ സ്വഭാവിക റബറിന്റെ ഉത്പാദനത്തിൽ
60,000 ടണ്ണിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയത്.
 ഉത്പാദനം
2020-21 ............7,15,000 ടൺ
2021-22..............7,75,000 ടൺ
 ഉപഭോഗം
2020-21........ 1096410 ടൺ
2021-22.........1238000 ടൺ
 ഇറക്കുമതി
2020-21........ 410878 ടൺ
2021-22.........546369