f

കൊച്ചി: റിയൽ എസ്റ്റേറ്റ് സംരംഭകർ നടത്തിയ 50.84 കോടിയുടെ ജി.എസ്.ടി വെട്ടിപ്പ് ഡയറക്ടറേറ്റ് ജനറൽ ഒഫ് ജി.എസ്.ടി ഇന്റലിജൻസ് (ഡി.ജി.ജി.ഐ) കണ്ടെത്തി. ഇവരിൽ നിന്നും 26.01 കോടി രൂപ പിടിച്ചെടുത്തു. 15 സ്ഥാപനങ്ങൾക്കെതിരെ നടപടിയും ആരംഭിച്ചു. ഇൻപുട്ട് ടാക്‌സ് ക്രെഡിറ്റിന്റെ ക്രമരഹിതമായ ഉപയോഗം, ഭൂവുടമകൾക്ക് നൽകിയ ഓഹരിയുടെ ജി.എസ്.ടി അടയ്ക്കാതിരിക്കൽ, വിറ്റുവരവിന്റെ യഥാർത്ഥ വിവരം മറച്ചുവയ്ക്കൽ തുടങ്ങിയ വെട്ടിപ്പുകളാണ് കണ്ടെത്തിയത്.

വീടുകൾ, ഫ്‌ളാറ്റുകൾ, അപ്പാർട്ടുമെന്റുകൾ എന്നിവയ്ക്ക് ഉപഭോക്താക്കളിൽ നിന്നു പണം കൈപ്പറ്റുന്ന നിർമ്മാതാക്കൾ ജി.എസ്.ടി അടയ്ക്കാൻ ബാദ്ധ്യസ്ഥരാണ്. എന്നാൽ ജി.എസ്.ടി അടയ്‌ക്കേണ്ടതില്ലാത്ത വിഭാഗത്തിനും ഇവർ നികുതി ചുമത്തുന്നതായി കണ്ടെത്തി.

ഭൂരിഭാഗം നിർമ്മാതാക്കളും ഭൂവുടമകളുമായി ചേർന്ന് സംയുക്ത സംരംഭ കരാറുകളിൽ ഒപ്പിടുന്നുണ്ട്. നിർമ്മിക്കുന്ന അപ്പാർട്ട്‌മെന്റുകളിൽ ചിലത് ഭൂവുടമകൾക്ക് വിഹിതമായി നൽകും. എന്നാൽ അവയ്ക്ക് ജി.എസ്.ടി അടയ്ക്കാറില്ല. റിയൽ എസ്റ്റേറ്റ് മേഖലയിൽ നികുതി അടയ്ക്കാൻ ബാദ്ധ്യസ്ഥരായവർ യഥാസമയം അടച്ച് ശിക്ഷാ നടപടികളിൽ നിന്ന് ഒഴിവാകണമെന്ന് അഡിഷണൽ ഡയറക്ടർ ജനറൽ ഒഫ് ജി.എസ്.ടി ഇന്റലിജൻൻസ് ഗിരിധർ.ജി. പൈ പറഞ്ഞു.