padam
ആത്മഹത്യാ ഭീഷണിമുഴക്കി യുവാവ് ഹൈക്കോടതി സമുച്ചയത്തിൽ

കൊച്ചി: നീതി വൈകുന്നതായി ആരോപിച്ച് ഹൈക്കോടതി സമുച്ചയത്തിന്റെ എട്ടാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കുമെന്ന് ഭീഷണി മുഴക്കിയ യുവാവിനെ പൊലീസ് സാഹസികമായി പിടികൂടി താഴെയിറക്കി. മാനസികവിഭ്രാന്തി പ്രകടിപ്പിച്ചതിനെ തുടർന്ന് ഇയാളെ ജനറൽ ആശുപത്രിയിൽ എത്തിച്ച് ഡോക്ടറുടെ നിർദ്ദേശപ്രകാരം കൗൺസലിംഗ് നൽകി ബന്ധുക്കൾക്കൊപ്പം വിട്ടു. കേസെടുത്തിട്ടില്ല.

ചേരാനല്ലൂർ സ്വദേശിയായ 43കാരനാണ് ഇന്നലെ രാവിലെ പത്തരയോടെ അധികൃതരെ ആശങ്കയുടെ മുൾമുനയിലാക്കിയത്. തന്ത്രപരമായി ഇയാളുടെ പിന്നിലെത്തിയ പൊലീസ് ഉദ്യോഗസ്ഥൻ കീഴ്പ്പെടുത്തുകയായിരുന്നു.

എറണാകുളം കുടുംബക്കോടതിയിലുള്ള ഇയാളുടെ വിവാഹ മോചന കേസ് മാറ്റിവച്ചതാണ് പ്രകോപനത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. ഭാര്യയ്ക്കൊപ്പമുള്ള കുട്ടികളെ കാണാൻ കഴിയാത്തതിന്റെ വിഷമവും അലട്ടിയിരുന്നു. എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ച യുവാവിന് ഡോക്ടർമാർ മാനസികാരോഗ്യ ചികിത്സ നിർദ്ദേശിച്ചു. 2019ൽ ഒരാൾ ഹൈക്കോടതിയുടെ ആറാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തിരുന്നു.