 
രണ്ടുപേരുടെ ജീവൻ അപഹരിച്ച് മരടിൽ പൊളിക്കുന്ന കെട്ടിടം തകർന്നു വീണപ്പോൾ
മരട് (കൊച്ചി): ഗാന്ധി സ്ക്വയറിനു സമീപം കെട്ടിടം പൊളിച്ചുനീക്കുന്നതിനിടെ കോൺക്രീറ്റ് ഭാഗം തകർന്നുവീണ് രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ മരിച്ചു. ഒഡിഷ സ്വദേശികളായ ഏകലാപൂർ കുസുമഗഡിയ ബിസു നായ്ക്കിന്റെ മകൻ ശങ്കർ നായ്ക്ക് (24), ഏകലാപൂർ സുശാന്തകുമാർ നായ്ക്ക് (37) എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെ ഇരുനില കെട്ടിടത്തിന്റെ വാർക്ക പൊളിക്കുമ്പോഴായിരുന്നു അപകടം.
തകർന്നുവീണ കോൺക്രീറ്റിനടിയിൽ കുടുങ്ങിയാണ് തൊഴിലാളികൾ മരിച്ചത്. നാട്ടുകാർ വാഹനത്തിന്റെ ജാക്കി ഉപയോഗിച്ച് വാർക്ക ഉയർത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തൃപ്പൂണിത്തുറയിൽ നിന്ന് അഗ്നിരക്ഷാസേനയെത്തി ഹൈഡ്രോളിക് ജാക്കി ഉപയോഗിച്ച് കോൺക്രീറ്റ് പാളി ഉയർത്തിയാണ് കുടുങ്ങിയവരെ പുറത്തെടുത്തത്. പരിക്കേറ്റവരെ വൈറ്റിലയിലെ സ്വകാര്യ ആശുപത്രിയിലും എറണാകുളം ജനറൽ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ ഇന്ന് പോസ്റ്റുമോർട്ടം നടത്തും. മരട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കെട്ടിടം പൊളിക്കുന്നതിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു.