tree

നെടുമ്പാശ്ശേരി: ദേശീയപാതയിൽ സിനിമ പരസ്യ ബോർഡിന്റെ കാഴ്ച്ച തടസമൊഴിവാക്കാൻ രാത്രിയുടെ മറവിൽ അജ്ഞാതർ തണൽ മരത്തിന്റെ ശിഖിരങ്ങൾ പൂർണമായി വെട്ടി നശിപ്പിച്ചു. അത്താണി കേരള ഫാർമസിക്ക് സമീപം ശ്രീദുർഗാദേവി ക്ഷേത്രത്തിനടുത്തെ തണൽമരങ്ങളാണ് സിനിമ പരസ്യ ബോർഡിന്റെ തടസമൊഴിവാക്കാൻ വെട്ടിമാറ്റിയത്.

പരേതനായ പി.വൈ. വർഗീസ് നെടുമ്പാശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരിക്കെ ഹരിത ഗീതം പദ്ധതി പ്രകാരം പഞ്ചായത്ത് പരിധിയിലെ ദേശീയപാതയോരങ്ങളിൽ സ്‌പോൺസർ ഷിപ്പിൽ നട്ടുപിടിപ്പിച്ച തണൽ മരങ്ങളാണ് കീടനാശിനി പ്രയോഗം നടത്തി മുഴുവൻ ശിഖിരങ്ങളും വെട്ടി നശിപ്പിച്ചിട്ടുള്ളത്. സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിന് മുകളിൽ സ്ഥാപിച്ച അടുത്തിടെ റിലീസായ മലയാള സിനിമയുടെ അതിഭീമൻ ബോർഡിന്റെ കാഴ്ച മറയാതിരിക്കാൻ പരസ്യ ഏജൻസികളുടെ തൊഴിലാളികളാണ് ആയുധങ്ങളുമായെത്തി മരം നശിപ്പിച്ചതെന്നാണ് ആരോപണം.

ദേശം, പറമ്പയം, കോട്ടായി, പോസ്റ്റോഫീസ് ജംഗ്ഷൻ, അത്താണി, കരിയാട് ഭാഗങ്ങളിൽ ഇതിന് മുമ്പും പല തവണ ഇത്തരത്തിൽ തണൽമരങ്ങൾ വെട്ടിനശിപ്പിച്ചതായി പരാതിയുണ്ട്. സംഭവത്തിൽ ഐശ്വര്യനഗർ റസിഡന്റ്‌സ് അസോസിയേഷൻ പ്രതിഷേധിച്ചു. സംഭവത്തിൽ നടപടിയാവശ്യപ്പെട്ട് നെടുമ്പാശേരി പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകിയതായി അസോസിയേഷൻ പ്രസിഡന്റ് സുരേഷ് അത്താണി അറിയിച്ചു. പഞ്ചായത്ത് അംഗം ജോബി നെൽക്കരയും ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകിയിട്ടുണ്ട്.