പെരുമ്പാവൂർ: എം.സി. റോഡിനെയും വല്ലം-പാണിയേലി റോഡിനെയും ബന്ധിപ്പിക്കുന്ന പ്രധാന റോഡായ തോട്ടുവ-നമ്പിള്ളി റോഡ് തകർന്നു. ചേരാനല്ലൂർ, തോട്ടുവ, മങ്കുഴി, ഇടവൂർ, താന്നിപ്പുഴ, ഓച്ചാംതുരുത്ത്, നടുതുരത്ത് എന്നീ പ്രദേശങ്ങളിലെ ആളുകൾ അടുത്ത പ്രദേശങ്ങളിലേക്ക് പോകുവാൻ ഉപയോഗിക്കുന്ന റോഡാണിത്.
തിരഞ്ഞെടുപ്പ് സമയത്ത് റോഡ് ഉയർന്ന നിലവാരത്തിൽ ടാറിംഗ് ചെയ്യാമെന്നും വെള്ളക്കെട്ട് ഒഴിവാക്കാമെന്നുള്ള ഉറപ്പ് നൽകുമെങ്കിലും വെറും ജലരേഖയായി. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഈ റോഡിനെ കുറിച്ച് പ്രത്യേക പരാമർശം നടത്തി ശ്രദ്ധയിൽ പെടുത്തിയെങ്കിലും ഫണ്ട് അനുവദിച്ചത് മറ്റ് റോഡുകൾക്കാണ്.
തോട്ടുവ ധന്വന്ത്വരി ക്ഷേത്രം, ചേരാനല്ലൂർ സെന്റ് സേവ്യേഴ്സ് പള്ളി, ചേരാനല്ലൂർ ശിവക്ഷേത്രം, ശങ്കരനാരായണ ക്ഷേത്രം എന്നീ ദേവാലയങ്ങൾ ഈ റോഡിനോട് ചേർന്നാണ്. ശബരിമല നോമ്പുകാലം ആരംഭിച്ചാൽ ആയിരക്കണക്കിന് ആളുകളാണ് ധന്വന്ത്വരി ക്ഷേത്രത്തിൽ എത്തിചേരുന്നത്. സ്കൂൾ, കോളേജ് വിദ്യാർത്ഥികളും യാത്രാദുരിതത്തിലാണ്.
ചേരാനല്ലൂർ-നീലീശ്വരം പാലത്തിനുള്ള ശ്രമങ്ങളും പാതിവഴിയിൽ നിൽക്കുകയാണ്. തോട്ടുവ-നമ്പിള്ളി റോഡ് ഉന്നതനിലവാരത്തിൽ ടാറിംഗ് ചെയ്ത് വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ബി.ജെ.പി. ന്യൂനപക്ഷ മോർച്ച കൂവപ്പടി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് ദേവച്ചൻ പടയാട്ടിൽ, അവറാച്ചൻ ആലുക്ക, ഷിജൻ ജോസഫ്, ജോമോൻ പൂണോളി, ശൗരു കരോട്ടുവീടൻ, ബിജു ആറ്റുപുറം എന്നിവർ സംസാരിച്ചു.