പറവൂർ: ഇ.എം.എസ് സാംസ്കാരിക പഠനകേന്ദ്രം സംഘടിപ്പിച്ച അഖില കേരള പ്രൊഫഷണൽ നാടക മത്സരത്തിൽ മികച്ച നാടകമായി കാഞ്ഞിരപ്പിള്ളി അമലയുടെ കടലാസിലെ ആന, രണ്ടാമത്തെ നാടകം വള്ളുവനാട് ബ്രഹ്മയുടെ രണ്ട് നക്ഷത്രങ്ങൾ എന്നിവ തിരഞ്ഞെടുത്തു. മികച്ച നടൻ ജോൺസൺ ഐക്കര (രണ്ട് നക്ഷത്രങ്ങൾ), മികച്ച നടി അനു കുഞ്ഞുമോൻ (ഞാൻ ), മികച്ച സംവിധാനം രാജേഷ് ഇരുളം (കടലാസിലെ ആന), മികച്ച രചന ഹേമന്ദ് കുമാർ (രണ്ട് നക്ഷത്രങ്ങൾ) എന്നിവരാണ്. മികച്ച രണ്ടാമത്തെ നടനുള്ള പുരസ്കാരം സതീഷ് കെ കുന്നത്ത് (കടലാസിലെ ആന), ബിജു ദയാനന്ദൻ (രണ്ട് നക്ഷത്രങ്ങൾ) എന്നിവർ പങ്കിട്ടു. പള്ളിച്ചൽ ബിന്ദുവാണ് മികച്ച രണ്ടാമത്തെ നടി (ജലം). ജേതാക്കൾക്ക് ട്രോഫിയും ക്യാഷ് അവാർ‌ഡും പറവൂരിൽ നടക്കുന്ന സമ്മേളനത്തിൽ വിതരണം ചെയ്യുമെന്ന് പഠനകേന്ദ്രം ഭാരവാഹികളായ എൻ.എസ്. സുനിൽകുമാർ, ടി.എസ്. ദേവദാസ്, പി. തമ്പി എന്നിവർ പറഞ്ഞു.