കൊച്ചി: കതിരൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് കാപ്പ ചുമത്തി നാടുകടത്തിയ യുവാവിനെ എറണാകുളം നോർത്തിലെ ലോഡ്ജ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കതിരൂർ പൊന്ന്യം പറാംകുന്ന് കൂരാഞ്ചിവീട്ടിൽ കെ. വിഥുനെയാണ് നോർത്ത് റെയിൽവേ സ്റ്റേഷന് സമീപത്തെ ലോഡ്ജ് മുറിയിൽ ഇന്നലെ വൈകിട്ട് ആറരയോടെയാണ് മരിച്ചനിലയിൽ കണ്ടത്. മൂന്നു വർഷത്തിനിടെ അഞ്ചോളം ക്രമിനൽ കേസുകളിൽ പ്രതിയായ വിഥുനെ ചൊവ്വാഴ്ചയാണ് കതിരൂർ പൊലീസ് കാപ്പ ചുമത്തി നാടുകടത്തിയത്.
കഴിഞ്ഞ ദിവസം രാത്രി ഒരുമണിയോടെയാണ് വിഥുൻ ലോഡ്ജിൽ മുറിയെടുത്തത്. പിറ്റേന്ന് രാവിലെ ഇയാളെ പുറത്ത് കണ്ടില്ല. ഉച്ചയ്ക്ക് ഊണുകഴിക്കാനും വരാതിരുന്നതോടെ ലോഡ്ജിലെ ജീവനക്കാരൻ ജനലിലൂടെ നോക്കിയപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ നോർത്ത് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. മൃതദേഹം കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.