തൃപ്പൂണിത്തുറ: ദക്ഷിണ റെയിൽവേയുടെ കേരളത്തിലെ ആദ്യത്തെ റെയിൽവേ ട്രാക്ക് പണിയാൻ അന്നത്തെ കൊച്ചി രാജാവ് ശ്രീപൂർണത്രയീശ ക്ഷേത്രത്തിലെ 14 സ്വർണ നെറ്റിപ്പട്ടങ്ങൾ വിറ്റ് പണം കൊടുത്ത് സഹായിച്ചു എന്നത് ചരിത്രം. എന്നാൽ തൃപ്പൂണിത്തുറയുടെ സ്വന്തം റെയിൽവേ സ്റ്റേഷന് ഇന്നും കൊടിയ അവഗണനയുടെ നിഴലിലാണ്.
മാസം ഒരു ലക്ഷത്തിലധികം പേർ യാത്ര ചെയ്യുന്ന സ്റ്റേഷനാണിതെങ്കിലും ജില്ലയിലെ പ്ലാറ്റ്ഫോമിൽ ടൈൽ ഇല്ലാത്ത ഏക സ്റ്റേഷൻ തൃപ്പൂണിത്തുറയാണെന്ന് പറയാം.
ടൈലിനു പകരം പഴയ കോൺക്രീറ്റ് സ്ലാബുകളാണ് എങ്ങും. രണ്ട് പ്ലാറ്റ്ഫോമുകളിലും പൂർണമായും മേൽക്കൂര പണിതിട്ടില്ല. മഴപെയ്യുമ്പോൾ നിലവിലെ മേൽക്കൂരയും ചോർന്നൊലിക്കുകയാണ്. മഴയത്ത് ട്രെയിൻ വന്നാൽ പെട്ടിയും കൈകുഞ്ഞുങ്ങളുമായി യാത്രക്കാർ ഓടുന്നത് പതിവുകാഴ്ച്ചയാണ്.
പ്രധാന ട്രെയിനുകൾക്ക് പലതിനും സ്റ്റോപ്പില്ലെന്ന പരാതിക്ക് വർഷങ്ങളുടെ പഴക്കമുണ്ട്.
മെയിൻ ലൈനിലൂടെ വരുന്ന ട്രെയിനുകൾ സ്റ്റേഷനിൽ എത്തുമ്പോൾ ലൂപ്പ് ലൈനിലൂടെ കയറിയ ശേഷമാണ് പ്ലാറ്റ്ഫോമിൽ നിർത്തുന്നത്. ഇതുമൂലം ഓരോ ട്രെയിനും 10-15 മിനിട്ട് സമയം നഷ്ടപ്പെടുന്നുണ്ട്. ഫാക്ട്, റിഫൈനറീസ്, എച്ച്.ഒ.സി, ചോറ്റാനിക്കര ക്ഷേത്രം, ഇൻഫോപാർക്ക് എന്നിവയ്ക്ക് അടുത്തുള്ള റെയിൽവേ സ്റ്റേഷനിൽ ദീർഘദൂര ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കാത്തതും ഇതുമൂലമാണെന്ന് പറയുന്നു. അപാകത പരിഹരിക്കാനും വേളാങ്കണ്ണി വീക്കിലി, കായംകുളം എറണാകുളം മെമു ട്രെയിനുകൾക്ക് സ്റ്റോപ്പ് പുന:സ്ഥാപിക്കാനും ആവശ്യപ്പെട്ട് ദക്ഷിണ റെയിൽവേ അധികൃതർക്ക് കഴിഞ്ഞ മാസം കൊടുത്ത കത്തിന് ഇതുവരെ മറുപടി കിട്ടിയിട്ടില്ലെന്ന് ഹൈബി ഈഡൻ എം.പി പറയുന്നു.
ലിഫ്റ്റില്ല, എസ്കലേറ്ററും
രണ്ടാം നമ്പർ പ്ലാറ്റ് ഫോമിലേക്ക് പോകാനായി ജീവൻ പണയം വച്ച് പാളം കുറുകെ കടക്കേണ്ട സ്ഥിതിയാണ്. ലിഫ്റ്റോ എസ്കലേറ്ററോ വേണമെന്നുള്ള ദീർഘകാല ആവശ്യത്തിന് ഇതുവരെ തീരുമാനം ആയില്ല. സ്റ്റേഷന്റെ പടിഞ്ഞാറ് ഭാഗത്തുള്ള മതിലുകൾ കാടുപിടിച്ച് കിടക്കുകയാണ്. വർഷങ്ങൾക്ക് മുമ്പ് പി. രാജീവ് എം.പി.യുടെ ഫണ്ടിൽ അഞ്ചുലക്ഷം രൂപയ്ക്ക് സ്ഥാപിച്ച ഇ- ടോയ്‌ലറ്റ് പ്രവർത്തിക്കുന്നില്ല.
വാഹനങ്ങൾക്ക് സ്ഥിരമായ ഒരു പാർക്കിംഗ് സംവിധാനം ഇതുവരെ ചെയ്തിട്ടില്ല.
കാറ്റഗറി 5 എങ്കിലും സൗകര്യം 6ന്റേത്
എൻ.എസ്.ജി. 5 കാറ്റഗറി (ഒരു കോടിയ്ക്ക് മുകളിൽ പ്രതിമാസ വരുമാനം) സ്റ്റേഷനാണെങ്കിലും സൗകര്യങ്ങൾ എൻ.എസ്.ജി. 6 കാറ്റഗറിയ്ക്കുള്ളത് മാത്രം. ഒരു ഭാഗത്തേക്ക് മാത്രം സ്റ്റോപ്പുള്ള രണ്ട് ട്രെയിനുകൾ ഓടുന്ന ഇന്ത്യയിലെ അപൂർവം റെയിൽവേ സ്റ്റേഷൻ എന്ന പദവിയുമുണ്ട്. കന്യാകുമാരി ജയന്തി ജനതയ്ക്കും മലബാർ എക്സ്പ്രസിനും തിരികെ വരുമ്പോൾ തൃപ്പൂണിത്തറയിൽ സ്റ്റോപ്പ് ഇല്ല!
.................................
തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷനിൽ മെട്രോ വരുന്നതിന് മുൻപേ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ച് എല്ലാ ദീർഘദൂര ട്രെയിനുകൾക്കും സ്റ്റോപ്പ് അനുവദിച്ചാൽ എറണാകുളത്ത് എത്തേണ്ട യാത്രക്കാർക്ക് കുറഞ്ഞ സമയം കൊണ്ട് മെട്രോയിൽ പട്ടണത്തിൽ എവിടെയും എത്താൻ കഴിയും.
വി.പി. പ്രസാദ്, ട്രൂറ ചെയർമാൻ