കൊച്ചി: ഡിസംബർ നാലിന് നാവികദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി വിവിധ പരിപാടികൾക്ക് കൊച്ചിയിലെ ദക്ഷിണ നാവികത്താവളം തുടക്കം കുറിച്ചു. സേനയുടെ പ്രവർത്തനങ്ങൾ വിശദീകരിക്കുന്ന അഭ്യാസപ്രകടനങ്ങൾ അരങ്ങേറും. യുദ്ധക്കപ്പലുകൾ പൊതുജനങ്ങൾക്ക് സന്ദർശിക്കാൻ അവസരവും ലഭ്യമാക്കും.
പാക്കിസ്ഥാനുമായുള്ള 1971ലെ യുദ്ധത്തിൽ കറാച്ചി തുറമുഖം ഇന്ത്യ ആക്രമിച്ചതിന്റെ സ്‌മരണയിലാണ് ഡിസംബർ നാല് നാവികദിനമായി ആഘോഷിക്കുന്നത്. ഇന്ത്യൻ നാവികസേനയുടെ കരുത്തും വീര്യവും ഭാവിയുടെ വെല്ലുവിളി നേരിടുന്നതിനുള്ള ശേഷിയും പ്രകടിപ്പിക്കുന്നതാകും നാവിക ദിനാഘോഷത്തിലെ പരിപാടികളെന്ന് കമ്മഡോർ ദീപക് കുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. നാവിക വക്താവ് കമ്മഡോർ അതുൽ പിള്ളയും പങ്കെടുത്തു. കൊച്ചിയിൽ നിർമ്മിച്ച വിമാനവാഹിനി കപ്പൽ ഐ.എൻ.എസ് വിക്രാന്ത് പൊതുജനങ്ങൾക്ക് സന്ദർശിക്കാൻ അനുമതി ലഭിച്ചിട്ടില്ലെന്നും ഇരുവരും പറഞ്ഞു.