
കൊച്ചി: സാംസ്കാരിക കേരളത്തിലെ നിറസാന്നിദ്ധ്യമായ പ്രൊഫ. എം.കെ. സാനുവിന് കൊച്ചിയുടെ ഗുരുദക്ഷിണയായി അടുത്ത ഓണക്കാലത്ത് സാഹിത്യോത്സവം സംഘടിപ്പിക്കുമെന്ന് മേയർ എം. അനിൽകുമാർ. ലോകത്തെ പ്രശസ്ത എഴുത്തുകാരെ പങ്കെടുപ്പിക്കും. 96-ാം ജന്മദിനത്തോടനുബന്ധിച്ച് 'സാനു മാഷിന് കൊച്ചിയുടെ ഗുരുദക്ഷിണ' എന്ന പേരിൽ കോർപ്പറേഷൻ സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു മേയർ.
മാഷിന് ഏറ്റവും ഉചിതമായ സ്നേഹോപഹാരമാണ് സാഹിത്യസമ്മേളനമെന്നും ഇതിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നുവെന്നും എഴുത്തുകാരൻ എൻ.എസ്. മാധവൻ പറഞ്ഞു. സാഹിത്യ നോബൽ പുരസ്കാര ജേതാക്കളെയും ക്ഷണിക്കണമെന്ന് സാഹിത്യകാരൻ കെ.എൽ. മോഹനവർമ്മ പറഞ്ഞു. അറിയുന്നതിന്റെ ആനന്ദം അനുഭവിപ്പിച്ച ഗുരുനാഥനാണ് സാനുമാഷെന്ന് പ്രൊഫ. എം. തോമസ് മാത്യു പറഞ്ഞു.
നാടിന്റെയും ജനങ്ങളുടെയും സ്നേഹത്തിന് പ്രത്യുപകാരം ചെയ്യാൻ ആഗ്രഹമുണ്ടെങ്കിലും ജീവിതം പരിസമാപ്തിയിലേക്ക് നീങ്ങുന്ന ഘട്ടത്തിൽ അതിന് കഴിയില്ലെന്നും ആകെ അറിയുന്നത് പ്രസംഗം മാത്രമാണെന്നും പ്രൊഫ. എം.കെ. സാനു മറുപടി പ്രസംഗത്തിൽ പറഞ്ഞു.
എറണാകുളം ടി.ഡി.എം ഹാളിൽ നടന്ന ചടങ്ങിൽ ഹൈബി ഈഡൻ എം.പി, എം.എൽ.എമാരായ ടി.ജെ. വിനോദ്, കെ.ജെ. മാക്സി, മുൻ എം.പി കെ.വി. തോമസ്, സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ, സി.പി.ഐ ജില്ലാ സെക്രട്ടറി കെ.എം.ദിനകരൻ, ബി.ജെ.പി ജില്ലാ കമ്മിറ്റി അംഗം സി.ജി. രാജഗോപാൽ, മുൻ മന്ത്രി എസ്. ശർമ്മ, ഡെപ്യൂട്ടി മേയർ കെ.എ. അൻസിയ തുടങ്ങിയവർ പങ്കെടുത്തു.