ration

കൊച്ചി: ഒക്ടോബറിൽ സൗജന്യമായി വിതരണം ചെയ്യുന്നതിനുള്ള അരി റേഷൻ കടകളിൽ പൂ‌ർണമായും എത്തി​യി​ല്ല. എ.വൈ അന്ത്യോദയ, അന്നയോജന കാർഡുടമകൾക്ക് സാധാരണ റേഷന് പുറമെ ഒരംഗത്തിന് അഞ്ച് കിലോ വീതം അരി സൗജന്യമായി​ നൽകേണ്ടതാണ് വൈകുന്നത്. കഴിഞ്ഞമാസം മുതൽ ഈ വിഭാഗത്തിലെ അരി വൈകിയാണ് ലഭി​ക്കുന്നത്. വിതരണം പൂർത്തി​യായി​ട്ടുമി​ല്ല. ഈ മാസത്തെ അരി ശനിയാഴ്ച മുതലേ ലഭ്യമാകൂ. നാമമാത്രമായ എൻ.പി.എൻ.എസ്, എൻ.പി.എസ് വിഭാഗം കാർഡുടമകൾക്ക് ആവശ്യമായ റേഷൻ സ്റ്റോക്കുണ്ടെങ്കിലും ഇ- പോസ് മെഷീനിൽ ഉൾപ്പെടുത്തിയവ മാത്രമേ നൽകാൻ പറ്റുന്നുള്ളൂവെന്നതും വെല്ലുവിളിയാണ്.

ആവശ്യങ്ങൾ

ഒക്ടോബർ മാസത്തെ പി.എം.ജി.കെ.എ.വൈ റേഷൻ വിതരണം നവംബ‌ർ അഞ്ചുവരെ നീട്ടണം.

പുഴുക്കലരി ആവശ്യാനുസരണം ലഭ്യമാക്കണം.

എ.എ.വൈ, പി.എച്ച്.എച്ച് വിതരണത്തിനാവശ്യമായ ആട്ട താമസിച്ച് ലഭ്യമാക്കുന്നതിനാൽ ഇത് നവംബറി​ലും വിതരണം ചെയ്യുന്നതിന് ഇ- പോസ് മെഷീനിൽ ക്രമീകരണം ഏർപ്പെടുത്തണം.

എൻ.പി.എൻ.എസ്, എൻ.പി.എസ് വിഭാഗം റേഷൻ കാർഡുടമകൾക്ക് ഇഷ്ടപ്പെട്ട സാധനങ്ങൾ ലഭ്യമാക്കുന്നതിന് ഇ- പോസ് മെഷീനിൽ നവംബ‌റി​ൽ കോംബോ സമ്പ്രദായം ഏർ‌പ്പെടുത്തണം.

ഇല്ലാത്ത സ്റ്റോക്കുമായി ഇ-പോസ്

ഇ-പോസ് മെഷീനിൽ സ്റ്റോക്ക് റിപ്പോർട്ട് പ്രിന്റ് എടുക്കുമ്പോൾ 79 ഇനം ഭക്ഷ്യധാന്യങ്ങൾ കാണിക്കുന്നുണ്ട്. എന്നാൽ നിലവിലെ വിതരണവുമായി ബന്ധമില്ലാത്ത 24 അധികം ഇനങ്ങളും സ്റ്റോക്കിൽ കാണിക്കുന്നുണ്ടെന്ന് വ്യാപാരികൾ പറയുന്നു. മുമ്പ് വിതരണത്തിലുണ്ടായിരുന്നതും പ്രളയകാലത്ത് സ്റ്റോക്കിൽ ഇടംപിടിച്ചവയുമാണ് ഇപ്പോഴും ഒഴിവാകാതെ കിടക്കുന്നത്. കഴിഞ്ഞ ഒക്ടോബർ മുതൽ എ.എ.വൈ കാർഡുകാർ പ്രധാനമന്ത്രി ഗരിബ് കല്യാൺ അന്ന യോജന, എൻ.എഫ്.എസ്.എ പദ്ധതികൾ പ്രകാരമുള്ള ഭക്ഷ്യധാന്യങ്ങൾ വാങ്ങുമ്പോൾ ഇ-പോസിൽ വിരലടയാളം പ്രത്യേകം പതിപ്പിക്കണം. ഇത് കാർഡുടമകൾക്കും വ്യാപാരികൾക്കും ഒരുപോലെ ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്.

കമ്മിഷനും വൈകി

ഒക്ടോബർ അവസാനിക്കാൻ ദിവസങ്ങൾ മാത്രം നിലനിൽക്കെ സെപ്തംബറിലെ കമ്മിഷൻ തുക ലഭിച്ചത് ഇന്നലെ. 30 കോടി രൂപയാണ് കമ്മിഷൻ കുടിശികയുണ്ടായിരുന്നത്. ഓണക്കാലത്തെ കമ്മി​ഷനും ഒരു മാസത്തോളം താമസിച്ചാണ് വ്യാപാരികൾക്ക് ലഭിച്ചത്.

സൗജന്യ റേഷൻ ഉൾപ്പെടെ എല്ലാ വിഭാഗം സാധനങ്ങളും എല്ലാ മാസവും പത്താം തിയതിയ്ക്ക് മുമ്പ് ലഭ്യമാക്കണം. ഇതിലൂടെ ഇ-പോസ് മിഷ്യൻ മൂലം ഉണ്ടാകുന്ന തകരാറും പരാതികളും ഒരു പരിധിവരെ പരിഹരിക്കാൻ സാധിക്കും

എൻ.ഷിജീർ,

സെക്രട്ടറി,

കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ