vd-satheesan

കൊച്ചി: ഉമ്മൻചാണ്ടി സർക്കാർ വിദേശ സർവകലാശാലകളെ കൊണ്ടുവരാൻ ശ്രമിച്ചതിനാണ് എസ്.എഫ്.ഐക്കാർ ടി.പി. ശ്രീനിവാസന്റെ കരണത്തടിച്ചതെന്നും ആറുവർഷത്തിന് ശേഷം വിദേശ സർവകലാശാലകളെ കൊണ്ടുവരുമ്പോൾ ആരുടെ കരണത്തടിക്കണമെന്ന് സി.പി.എം നേതാക്കൾ എസ്.എഫ്.ഐക്ക് പറഞ്ഞുകൊടുക്കണമെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ.

വിലക്കയറ്റം, കൊവിഡ് കാലത്തെ 1,333 കോടി രൂപയുടെ കൊള്ള, പൊലീസ് അതിക്രമങ്ങൾ, കാർഷിക പ്രതിസന്ധി, മരുന്ന് ക്ഷാമം തുടങ്ങി മറ്റു വിവിധപ്രശ്‌നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഗവർണറും സർക്കാരും തമ്മിൽ വ്യാജ ഏറ്റുമുട്ടൽ നടത്തുന്നത്.

യു.ജി.സി മാനദണ്ഡങ്ങൾ ലംഘിച്ച് നടത്തിയ വൈസ് ചാൻസലർ നിയമനങ്ങൾ ക്രമവിരുദ്ധമാണെന്ന സുപ്രീംകോടതി വിധിക്കെതിരെയാണ് സി.പി.എം രാജ്ഭവൻ വളയുന്നത്. സുപ്രീംകോടതിയിലെ കേസിൽ സർക്കാരിനൊപ്പമായിരുന്നു ഗവർണർ. കേസ് തള്ളണമെന്ന സർക്കാരിന്റെ നിലപാടായിരുന്നു ഗവർണർക്കും. സോളാർ കേസിന്റെ പേരിൽ ബഹളവും സെക്രട്ടേറിയറ്റ് വളയലും നടത്തിയവർ സ്വർണക്കടത്ത് കേസ്‌പ്രതിക്ക് വിശ്വാസ്യതയില്ലെന്ന് പറയുന്നത് ഇരട്ടത്താപ്പാണ്. സോളാർ പ്രതിയുടെ വെളിപ്പെടുത്തലിൽ ഉമ്മൻചാണ്ടിക്കെതിരെ സി.ബി.ഐ അന്വേഷണം ഉത്തരവിട്ടവരാണ് സ്വപ്ന സുരേഷിന് വിശ്വാസ്യതയില്ലെന്ന് പറയുന്നത്.

പ്രാദേശിക സി.പി.എം നേതാക്കളാണ് പൊലീസിനെ നിയന്ത്രിക്കുന്നത്. കുസാറ്റിലെ സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ചിട്ടും യൂണിവേഴ്‌സിറ്റി യൂണിയൻ ചെയർമാന്റെ നേതൃത്വത്തിൽ ഹോസ്റ്റലിന് തീയിട്ടിട്ടും കേസെടുത്തിട്ടില്ലെന്ന് സതീശൻ പറഞ്ഞു.