
പറവൂർ: വടക്കേക്കര പുതിയകാവ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ മോഷണം നടത്തിയ കേസിൽ കൊടുങ്ങല്ലൂർ ശ്രീനാരായണപുരം നെല്ലിപ്പറമ്പത്ത് വീട്ടിൽ ബൈജു (24), ചേന്ദമംഗലം കിഴക്കുംപുറം പാണ്ടിശേരി വീട്ടിൽ ജിതിൻ കൃഷ്ണ (ചാടു, 27) എന്നിവരെ വടക്കേക്കര പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാസം പത്തിന് ഹെഡ്മാസ്റ്ററുടെ ഓഫീസ് മുറിയുടെ താഴുതകർത്ത് അകത്തുകയറി അലമാരിയിൽ സൂക്ഷിച്ചിരുന്ന 50,000 രൂപ വിലവരുന്ന കാനോൺ ഡി.എസ്.എൽ.ആർ കാമറയാണ് മോഷ്ടിച്ചത്. വടക്കുംപുറത്തെ ലക്ഷ്മി ബേക്കറിയിൽ നിന്ന് മൊബൈൽ ഫോണും പണവും മോഷ്ടിച്ചതും ഇവർ തന്നെയാണെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായി. പ്രതികളിൽ നിന്ന് കാമറയും ഫോണും കണ്ടെടുത്തു. ജിതിൻ കൃഷ്ണയുടെ പേരിൽ വിവിധ സ്റ്റേഷനുകളിലായി മോഷണം, മയക്കുമരുന്ന്, അടിപിടി കേസുകളുണ്ട്. ബൈജു മോഷണ കേസുകളിലെ പ്രതിയാണ്. വടക്കേക്കര ഇൻസ്‌പെക്ടർ വി.സി. സൂരജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.