കോലഞ്ചേരി: ബ്രഹ്മപുരം പാലം പൊളിക്കുന്നതുമായി ബന്ധപ്പെട്ട് ആശങ്കകൾ നിലനിൽക്കുന്നതിനിടെ യാത്രാ ക്ലേശം പരിഹരിക്കാൻ നടപടി സ്വീകരിക്കുമെന്ന് ഉറപ്പുമായി അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എ. യാത്രാ ക്ളേശം സംബന്ധിച്ച് ജനങ്ങളുടെ ആശങ്ക പരിഹരിക്കാതെ ബ്രഹ്മപുരം പാലം പൊളിക്കില്ലെന്ന് അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രചാരണങ്ങൾ രാഷ്ട്രീയ പ്രേരിതമാണ്. വാട്ടർ മെട്രോ നിർമ്മാണത്തിന്റെ ഭാഗമായാണ് പാലം പൊളിക്കേണ്ടി വരുന്നത്. ജനങ്ങളുടെ ആശങ്ക പരിഹരിച്ച ശേഷം മാത്രമാണ് പാലം പൊളിക്കുകയുള്ളൂവെന്ന് സർക്കാർ ഉറപ്പ് നൽകിയിട്ടുള്ളതാണ്. ഇതിന് ശേഷം നടക്കുന്ന പ്രതിഷേധങ്ങളും പ്രചാരണങ്ങളും രാഷ്ട്രീയ ലാഭം മാത്രം ലക്ഷ്യമിട്ടുള്ളതാണ്. ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിന് അടുത്തദിവസം ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേരുമെന്നും എം.എൽ.എ അറിയിച്ചു.
പാലം പൊളിക്കുന്നതോടെ കൊച്ചി നഗരസഭയിലെയും സമീപത്തെ നാല് പഞ്ചായത്തുകളിലെയും മാലിന്യം ബ്രഹ്മപുരം പ്ലാന്റിലേക്ക് എത്തിക്കുന്നതിനുള്ള വഴി അടയുമെന്നതാണ് പ്രധാന പ്രശ്‌നം.
പാലാരിവട്ടം, വൈറ്റില, പേട്ട, ഇരുമ്പനം, അമ്പലമേട്, കരിമുഗൾ വഴി ബ്രഹ്മപുരം പ്ലാന്റിൽ മാലിന്യം എത്തിക്കുന്നതിന് ഇരട്ടിച്ചെലവും വഹിക്കേണ്ടിവരും. ഈ സാഹചര്യം ഒഴിവാക്കുന്നതിനാണ് പുതിയത് നിർമ്മിക്കാതെ നിലവിലെ പാലം പൊളിക്കരുതെന്നുള്ള ആവശ്യം ഉയർന്നത്. പുത്തൻകുരിശ് മേഖലയിൽ നിന്ന് കാക്കനാട് എത്താനുള്ള എളുപ്പ വഴിയും ഇതാണ്. പാലം പൊളിക്കുന്നത് മേഖലയിൽ രൂക്ഷമായ ഗതാഗതക്കുരുക്കിന് കാരണമാകും. കുന്നത്തുനാട്, തൃക്കാക്കര മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന കടമ്പ്രയാറിന് കുറുകെയുള്ള പാലത്തിന്റെ പുനർനിർമ്മാണത്തിന് റീബിൽഡ് കേരള പദ്ധതിയിൽപ്പെടുത്തി 23.2 കോടി രൂപയുടെ അനുമതിയാണ് ലഭിച്ചിരിക്കുന്നത്. നിലവിലെ പാലത്തിന്റെ തൂണുകൾ ബലപ്പെടുത്തി ഉയരം വർദ്ധിപ്പിച്ച് പുതിയ സ്പാനുകൾ സ്ഥാപിച്ച് പുതുക്കി പണിയുന്നതിനാണ് കരാർ നൽകിയിരിക്കുന്നത്.