കളമശേരി: അദ്ധ്യാപകന്റെ ഫേസ്ബുക്ക് പോസ്റ്റിനെ തുടർന്ന് കൊച്ചി​ സർവകലാശാലാ കാമ്പസി​ൽ ബുധനാഴ്ച വി​ദ്യാർത്ഥി​കൾ ഏറ്റുമുട്ടിയതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ കേസെടുത്ത കളമശേരി പൊലീസ് നാലു വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തു. നാലു പരാതികളിലായി ​ കണ്ടാലറിയാവുന്നവർ ഉൾപ്പെടെ 60 പേർക്കെതി​രെ കേസെടുത്തിട്ടുണ്ട്. പാനൂരിൽ യുവാവ് പെൺ​കുട്ടി​യെ കഴുത്തറുത്തു കൊന്നതുമായി​ ബന്ധപ്പെട്ട് 'അവൾ തേച്ചു, അവൻ ഒട്ടിച്ചു" എന്ന അദ്ധ്യാപകന്റെ ഫേസ്ബുക്ക് പോസ്റ്റാണ് പ്രശ്നങ്ങൾക്ക് കാരണമായത്. പോസ്റ്റ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ ആരംഭിച്ച പ്രതിഷേധം സംഘർഷത്തിലേക്ക് നീങ്ങുകയായിരുന്നു. സ്റ്റുഡന്റ്സ് കമ്മ്യൂണിറ്റി പ്രവർത്തകരുമായുണ്ടായ ഏറ്റുമുട്ടലി​ൽ നി​രവധി​ വി​ദ്യാർത്ഥി​കൾക്ക് പരി​ക്കേറ്റു. കനത്ത പൊലീസ് ബന്തവസി​ലാണ് കാമ്പസ്. ഇന്നലെ അനി​ഷ്ടസംഭവങ്ങൾ ഒന്നുമുണ്ടായി​ല്ല.