വൈപ്പിൻ : എടവനക്കാട് ഗ്രാമപഞ്ചായത്തിൽ രണ്ടുപദ്ധതികൾക്കായി 69.90 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. അറിയിച്ചു. പതിനൊന്നാം വാർഡിൽ നാളുകളായി തകർന്നുതാറുമാറായി കിടക്കുന്ന നേതാജി ബീച്ച് റോഡ് ഉന്നത നിലവാരത്തിൽ സൂസജ്ജമാക്കുന്നതിന് 59.90ലക്ഷവും എച്ച്.ഐ.എച്ച്.എസ്. സ്‌കൂളിൽ ശൗചാലയം നിർമ്മിക്കുന്നതിന് പത്തുലക്ഷം രൂപയുമാണ് അനുവദിച്ചത്.
തീരദേശ റോഡുകളുടെ നിലവാരമുയർത്തൽ എന്ന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് മത്സ്യബന്ധന വകുപ്പ് പഞ്ചായത്തിലെ ഏറ്റവും തിരക്കേറിയ റോഡുകളിലൊന്നായ നേതാജി ബീച്ച് റോഡ് പുതുക്കി നിർമ്മിക്കുന്നത്. മൊത്തം 440 മീറ്റർ നീളത്തിൽ നിർമ്മിക്കുന്ന റോഡിൽ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് മുൻകരുതൽ നടപടികളുണ്ടായിരിക്കുമെന്നും കെ.എൻ. ഉണ്ണിക്കൃഷ്ണൻ വ്യക്തമാക്കി. നിലവിലുള്ളതിലും ഉയരംകൂട്ടിയശേഷം ടൈൽ വിരിക്കും. ഇരുവശത്തും സംരക്ഷണഭിത്തിയുമുണ്ടാകും. പ്രധാന റോഡിന് നാല് മീറ്ററും ഉപറോഡിന് 2.60 മീറ്ററുമായിരിക്കും വീതി. ഹാർബർ എൻജിനിയറിംഗ് വിഭാഗത്തിനാണ് നിർവ്വഹണ ചുമതല.
എം.എൽ.എ യുടെ പ്രത്യേക വികസന നിധിയിൽ ഉൾപ്പെടുത്തിയാണ് ആയിരത്തി എണ്ണൂറോളം വിദ്യാർത്ഥികൾ പഠിക്കുന്ന എടവനക്കാട് എച്ച്.ഐ.എച്ച്.എസ് സ്‌കൂളിൽ ടോയ്ലറ്റ് നിർമ്മിക്കുന്നത്. വൈപ്പിൻ ബ്ലോക്ക് ഡെവലപ്പ്‌മെന്റ് ഓഫീസറിനാണ് നിർവ്വഹണ ചുമതല.