camp

കൊച്ചി: എത്തിച്ചേരാൻ ദുഷ്‌കരമായ കോതമംഗലം തലവച്ചപ്പാറ ആദിവാസി ഊരിൽ സർക്കാർ നഴ്‌സുമാരെത്തി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. രണ്ടു മണിക്കൂർ കാട്ടിലൂടെ കാൽനടയായി സഞ്ചരിച്ച് കുടിയിലെത്തിയ സംഘം 80 കുടുംബങ്ങൾ താമസിക്കുന്ന ആദിവാസി ഊരിന്‌ ആശ്വാസസമേകി. മഴയും കാലാവസ്ഥാമാറ്റവും മൂലം പകർച്ചവ്യാധികൾ ഒഴിവാക്കാൻ ലക്ഷ്യമിട്ടാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

കേരള ഗവൺമെന്റ് നഴ്സസ് അസോസിയേഷൻ (കെ.ജി.എൻ.എ) സംസ്ഥാന കമ്മിറ്റി അംഗം സ്‌മിത ബക്കർ അദ്ധ്യക്ഷത വഹിച്ച ചങ്ങിൽ കുട്ടമ്പുഴ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. അനൂപ് തുളസി ഉദ്‌ഘാടനം നിർവഹിച്ചു. കെ.ജി.എൻ.എ ജില്ലാ സെക്രട്ടറി എം. അഭിലാഷ്, രശ്മി ആർ. നായർ, വിനീത എസ്.എസ്‌., സെമീന പി.എച്ച്., അജിത പീറ്റർ, ഷാജിത കെ.എം., ബേസിൽ മത്തായി, ബേസിൽ കെ. എൽദോ, ജോമി, ഹെൽത്ത് ഇൻസ്‌പെക്ടർ ഷിജു ടി.കെ., മിനിമോൾ എന്നിവർ ക്യാമ്പിൽ പങ്കെടുത്തു. അവശ്യ മരുന്നുകളും വിവിധ വസ്തുക്കളുമായാണ് സംഘം ഊരലെത്തിയത്. നവംബർ 13,14,15 തിയതികളിൽ എറണാകുളത്തു നടക്കുന്ന സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായാണ് ക്യാമ്പ് സംഘടിപ്പിച്ചതെന്ന് ഭാരവാഹികൾ അറിയിച്ചു.