വൈപ്പിൻ : ഇരുന്നൂറോളം വാഹനങ്ങൾ ദിനം പ്രതി കടന്നുപോകുന്ന വൈപ്പിൻ ഫോർട്ട്‌കൊച്ചി ഫെറിയിലെ റോ-റോ സർവ്വീസ് ഇടക്കിടെ മുടങ്ങുന്നത് യാത്രക്കാർക്ക് ദുരിതമാകുന്നു. വലകളും മാലിന്യങ്ങളും റോ-റോയുടെ യന്ത്രത്തിൽ കുടുങ്ങി യാത്ര മുടങ്ങുന്നത് പതിവായി. മണിക്കൂറുകൾ കഴിഞ്ഞാണ് സർവീസ് പുനരാരംഭിക്കുന്നത്. ഒരു റോ-റോ മാത്രം സർവീസ് നടത്തുമ്പോൾ ഇരുകരകളിലും വാഹനങ്ങളുടെ നീണ്ടനിരയുണ്ടാകും. കഴിഞ്ഞ രണ്ടാഴ്ചക്കിടെ നാല് തവണയാണ് റോ-റോ സർവീസ് മുടങ്ങിയത്.
കൊച്ചി നഗരസഭയുടെ ഉടമസ്ഥതയിലുള്ളതാണ് ഫെറി സർവീസ്. രണ്ട് റോ-റോയാണുള്ളതെങ്കിലും പലപ്പോഴും ഒരു റോ-റോ മാത്രമായി ചുരുങ്ങുകയാണ്. മൂന്നാമത് ഒരു റോ-റോ കൂടി വാങ്ങാൻ 10 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ടെങ്കിലും ഇതുവരെ നടപടികളൊന്നുമായിട്ടില്ല.