തൃക്കാക്കര: മക്കളുമില്ല, നോക്കാനും ആരുമില്ല... മരിച്ചു കിട്ടിയാൽ മതി കൈകൂപ്പി കണ്ണീരോടെയാണ് തങ്കമ്മ ഈ വാക്കുകൾ പറഞ്ഞത്. കാൻസറിന്റെ വേദനയെക്കാളും ഒറ്റപ്പെടലിന്റെ നിസഹായതയായിരുന്നു ആ കണ്ണുകളിൽ. കാക്കനാട് തുതീയൂർ സെസിന് സമീപം ആണ് തങ്കമ്മയും ഭർത്താവ് ഹർഷ കുമാറും താമസിക്കുന്നത്. 64 കാരിയായ തങ്കമ്മ കാൻസർ ബാധിതയാണ്.74 കാരനായ ഹർഷ കുമാർ വീണ് നട്ടെല്ലിന് പരിക്കേറ്റ് കഴുത്തിന് താഴേക്ക് ചലനമറ്റ് കിടപ്പിലായിട്ട് ഒരു വർഷമായി.
പരസ്പരം സഹായിക്കാനാവാതെ പരസഹായവും ഇല്ലാതെ ദയനീയ അവസ്ഥയിൽ ആയിരുന്നു ഇരുവരും.മല മൂത്ര വിസർജ്യത്തിലായിരുന്നു പലപ്പോഴും കിടന്നിരുന്നത്.വല്ലപ്പോഴും അയൽക്കാരുടെ കാരുണ്യത്തിലായിരുന്നു ഭക്ഷണം പോലും.തൃക്കാക്കരയിലെ പാലിയേറ്റീവ് കെയർ വോളണ്ടിയർമാരാണ് ഈ വൃദ്ധരുടെ ദയനീയവസ്ഥ കോതമംഗലം പീസ് വാലി ഫൗണ്ടേഷനെ അറിയിച്ചത്. തുതിയൂരിലെ വീട്ടിൽ എത്തിയ പീസ് വാലി ഭാരവാഹികൾ ഇരുവരെയും ഉടനെ തന്നെ സ്ഥാപനത്തിൽ പ്രവേശിപ്പിക്കാൻ തീരുമാനിച്ചു.പീസ് വാലിക്കു കീഴിലെ സാമൂഹിക മാനസിക പുനരധിവാസ കേന്ദ്രത്തിലാണ് ഇരുവരെയും പ്രവേശിപ്പിച്ചത്.
എ.ഡി.എം.എസ് ഷാജഹാന്റെ സാന്നിദ്ധ്യത്തിൽ ആണ് വൃദ്ധരെ ഏറ്റെടുത്തത്. പീസ് വാലി ഭാരവാഹികളായ അജ്നാസ് പി. എ, പി എം അഷ്‌റഫ്, ഷെഫിൻ നാസർ, വാർഡ് കൗൺസിലർ ചന്ദ്രബാബു, അബ്ദുൽ നസീർ എന്നിവർ നേതൃത്വം നൽകി.