മട്ടാഞ്ചേരി: കട ആക്രമിച്ച് പണം തട്ടിയെടുത്ത ചെയ്ത സംഭവത്തിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ മട്ടാഞ്ചേരി പൊലിസ് അറസ്റ്റ് ചെയ്തു. ചക്കരയിടുക്ക് സ്വദേശി അൻസിൽ ഷായാണ് (23) അറസ്റ്റിലായത്. മട്ടാഞ്ചേരി കൂനൻ കുരിശ് പള്ളിക്ക് സമീപത്തെ കടയിലെത്തി പണം ആവശ്യപ്പെടുകയും നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് സാധനങ്ങൾ നശിപ്പിക്കുകയും മേശയിൽ സൂക്ഷിച്ച പണം തട്ടിയെടുക്കുകയുമായിരുന്നു. തുടർന്ന് നാട്ടുകാർ ഇയാളെ തടഞ്ഞുവെച്ചു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾ ജാമ്യത്തിൽ ഇറങ്ങിയശേഷമാണ് ആക്രമണം നടത്തിയത്. മട്ടാഞ്ചേരി അസി.പൊലീസ് കമ്മീഷണർ അരുൺ കെ. പവിത്രന്റെ നിർദേശ പ്രകാരം ഇയാൾക്കെതിരെ കാപ്പ ചുമത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മട്ടാഞ്ചേരി എസ്.ഐ തൃതീപ് ചന്ദ്രൻ പറഞ്ഞു.