x

തൃപ്പൂണിത്തുറ: ചന്തയിലേക്കുള്ള ചരക്ക് നീക്കത്തിനും ജല ഗതാഗതത്തിനും വേണ്ടി നിർമ്മിച്ച 2.17 കിലോമീറ്റർ ദൈർഘ്യമുള്ള അന്ധകാരത്തോടിന്റെ പുനരുദ്ധാരണ പദ്ധതി പാളി. മാർക്കറ്റ് റോഡിൽ അന്ധകാരത്തോടിന് കുറുകെയുള്ള പാലം പുനർനിർമ്മിച്ചതിലെ അപാകതകളാണ് പ്രശ്നമായത്. 11 കോടി ചെലവിൽ ആസൂത്രണം ചെയ്ത പദ്ധതി വിജയകരമാകാൻ ഈ പാലം പെളിച്ചുമാറ്റേണ്ടിവരും. പുതിയ കാവിനേയും മാർക്കറ്റ് ജംഗ്ഷനെയും ബന്ധിപ്പിക്കുന്ന രണ്ട് കോടി ചെലവിലെ 15 മീറ്റർ പാലം പണിതുകഴിഞ്ഞപ്പോൾ എട്ടുമീറ്ററായി ചുരുങ്ങി.

ബാക്കി ഭാഗം മണ്ണിട്ട് നികത്തി.

ശുചീകരണവും നവീകരണവും സൗന്ദര്യവൽക്കരണവും സംയോജിപ്പിക്കുന്ന ഇറിഗേഷൻ വകുപ്പിന്റെ കനാൽ ടൂറിസം പദ്ധതി കിഫ്ബിയാണ് നടപ്പാക്കുന്നത്. 2018 നവംബറിൽ നിർമ്മാണ ഉദ്ഘാടനം നടത്തി. ഒരു വർഷം കൊണ്ട് പൂർത്തിക്കലായിരുന്നു ലക്ഷ്യം. വികൃതമായി നിർമ്മിച്ച പുതിയ പാലം മൂലം നീരൊഴുക്കും തടസപ്പെടും. ബോട്ടിലൂടെയുള്ള ജലഗതാഗതവും നടക്കാതെ പോകും.

അഴുക്കും കാടും മൂടി മാലിന്യവാഹിനിയായി തകർന്ന് കിടന്ന തോട് പൂർണ്ണമായി ശുദ്ധീകരിച്ച് വശങ്ങൾ കല്ലുകെട്ടി സംരക്ഷിച്ച് ഇരുവശവുമുള്ള 1.5 കിലോമീറ്റർ വഴിത്താര പുനരുദ്ധരിച്ച് വഴിവിളക്കുകൾ സ്ഥാപിച്ച് മാലിന്യം എറിയാതിരിക്കാൻ ഫെൻസിംഗ് സ്ഥാപിച്ച് മോടിപിടിപ്പിക്കാനായിരുന്നു കരാർ.

ബോട്ടുകൾക്ക് സഞ്ചരിക്കാനാകും വിധം കനാൽ വൃത്തിയാക്കുകയും വേണ്ടിയിരുന്നു. ഇരുവശങ്ങളിലും ബഞ്ചുകൾ സ്ഥാപിക്കാനും പദ്ധതിയിട്ടു.

നാലു വർഷം പൂർത്തിയാകുമ്പോൾ പദ്ധതി പാതിവഴിയിൽ നിൽക്കുകയാണ്.

തോട്ടിൽ ചെടികളും മരങ്ങളും വളർന്നു കാടുമൂടി കിടക്കുന്നതു കൊണ്ട് മാലിന്യങ്ങൾ തള്ളുന്നവർക്ക് കാര്യങ്ങൾ വീണ്ടും എളുപ്പമായി. ഭാഗികമായി സ്ഥാപിച്ച ഇരുമ്പു വലകളിൽ പോലും വള്ളിചെടികൾ പടർന്ന് മാലിന്യം എറിയുന്നവർക്ക് കൂടുതൽ സൗകര്യമായി.

ജനുവരിയിൽ പണി തുടങ്ങി മൂന്നുമാസത്തിനകം തീർക്കാം എന്ന ഉറപ്പിലാണ് പാലം നിർമാണം ആരംഭിച്ചത്. വേണ്ടത്ര സുരക്ഷാ ഒരുക്കാതെയുള്ള പണികൾ ബൈക്ക് യാത്രക്കാരന്റെ മരണത്തിലാണ് കലാശിച്ചത്. തുടർന്നു എൻജിനിയർമാർ ഉൾപ്പടെ സസ്പെൻഷനിലായി. ടെൻഡർ പ്രകാരമുള്ള ഫണ്ട് അധികാരികളിൽ നിന്ന് സമയബന്ധിതമായി ലഭിക്കാത്തതാണ് പണി മുടങ്ങാനും വൈകാനും കാരണം എന്നാണ് കരാറുകാരന്റെ ഭാഷ്യം.

"പാലം ഡിസൈനിലുള്ള അപാകതയെയും ഫണ്ടിന്റെ തിരിമറിയെയും കുറിച്ച് അന്വേഷണം നടത്തി കുറ്റക്കാർക്ക് തക്കതായ ശിക്ഷ വാങ്ങി കൊടുക്കണം."

വി.പി. പ്രസാദ്, ട്രൂറ ചെയർമാൻ.