ആലുവ: വർക്കല സ്വദേശിയായ ഇലക്ട്രിഷ്യൻ ആലുവ മണപ്പുറം നടപ്പാലത്തിൽ നിന്ന് പെരിയാറിൽ ചാടി മരിച്ചു. എടവ പാറയിൽ എസ്.എൽ.എസ് ഭവനിൽ വിശ്വകുമാറാണ് (65) മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. ഒരാൾ പാലത്തിൽ നിന്ന് പെരിയാറിലേക്ക് ചാടുന്നത് ആലുവ പാലസിലെ ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഉടൻ അഗ്നിശമന സേനയെ അറിയിച്ചതിനെ തുടർന്ന് സ്കൂബ ടീം എത്തി തെരച്ചിൽ നടത്തി അര മണിക്കൂറിനകം മൃതദേഹം കണ്ടെടുത്തു. ബുധനാഴ്ച്ചയാണ് ഇയാൾ വീട്ടിൽ നിന്ന് ഇറങ്ങിയതെന്ന് ബന്ധുക്കൾ ആലുവ പൊലീസിനോട് പറഞ്ഞു. മൃതദേഹം ആലുവ ജില്ലാ ആശുപത്രി മോർച്ചറിയിൽ. ഇന്ന് പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ഭാര്യ: സുനിത. മക്കൾ: വിഷ്ണു, നന്ദു, ആനന്ദ്.