കൊച്ചി: തുലാവർഷം അടുത്തെത്തിയ സാഹചര്യത്തിൽ കൊച്ചി നഗരത്തിലെ പ്രധാന കനാലുകളുടെ സ്ഥിതിയും കാനകളുടെ ശുചീകരണം സംബന്ധിച്ച വിവരങ്ങളും ഉൾപ്പെടുത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി കൊച്ചി നഗരസഭയ്ക്കും കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിനും കൊച്ചി സ്മാർട്ട് മിഷൻ ലിമിറ്റഡിനും നിർദ്ദേശം നൽകി.

നഗരത്തിലെ വെള്ളക്കെട്ടുകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജികളിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ചി​ന്റേതാണ് നിർദ്ദേശം. പി. ആൻഡ് ടി കോളനിയിലുളളവരെ പുനരധിവസിപ്പിക്കാനുള്ള പാർപ്പിട സമുച്ചയത്തിന്റെ നിർമ്മാണം വൈകുന്ന വിഷയവും ഹൈക്കോടതി പരിഗണിച്ചു. കെട്ടിട നിർമ്മാണം പൂർത്തിയാകാത്തത് ഗുരുതരമായ പ്രശ്നമാണെന്നും കരാറുകാരും ജി.സി.ഡി.എയും പരസ്പരം പഴി ചാരുകയാണെന്നും അമിക്കസ് ക്യൂറി അറിയിച്ചു. തുടർന്ന് കരാറുകാരായ തൃശൂർ ജില്ലാ ലേബർ കോൺട്രാക്‌ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിയെ ഹർജിയിൽ ഹൈക്കോടതി കക്ഷി ചേർത്തു. ഇവർക്ക് നോട്ടീസ് നൽകാനും ഉത്തരവിട്ടു. എം.ജി റോഡിൽ നിന്ന് കൊച്ചി കായലിലേക്ക് വെള്ളം ഒഴുക്കുന്നതിനായി ലിങ്ക് കനാൽ നിർമ്മിക്കുന്നതിന് വാട്ടർ അതോറിട്ടി​യുടെ കൈവശമുള്ള സ്ഥലം വിട്ടുകിട്ടാൻ എതിർപ്പുകൾ ഉണ്ടെന്നും ഇക്കാര്യത്തിൽ ബദൽ സംവിധാനം ആലോചിക്കണമെങ്കിൽ കൊച്ചിൻ ഷിപ്പ് ‌യാർഡിനെ കക്ഷി ചേർക്കണമെന്നും അമിക്കസ് ക്യൂറി ആവശ്യപ്പെട്ടു. തുടർന്ന് കൊച്ചിൻ ഷിപ്പ്‌യാർഡിനെയും ഹർജിയിൽ കക്ഷി ചേർത്തു.

വേണ്ടത് വാർഷി​ക ശുചീകരണമല്ല

നഗരത്തിലെ കനാലുകളും കാനകളും കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കി നീരൊഴുക്ക് സുഗമമാക്കണമെന്നും വാർഷിക ശുചീകരണമല്ല വേണ്ടതെന്നും ഹൈക്കോടതി വ്യക്തമാക്കി. ഹർജികൾ ഒക്ടോബർ 31 ന് വീണ്ടും പരിഗണിക്കും.

നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള വിവിധ ഏജൻസികളുടെ നടപടികൾ നിരീക്ഷിക്കാൻ അഡ്വ. സുനിൽ ജേക്കബ് ജോസിനു പുറമേ അഡ്വ. ഗോവിന്ദ് പത്മനാഭനെക്കൂടി അമിക്കസ് ക്യൂറിയായി നിയമിച്ചു.