
കുറുപ്പംപടി : വേങ്ങൂർ ഗ്രാമപഞ്ചായത്തിലെ വിവിധ മേഖലകളിൽ വനത്തിനുള്ളിൽ താമസിക്കുന്നവർ റീബിൽഡ് കേരള ഡെവലപ്മെന്റ് പദ്ധതിപ്രകാരം സമർപ്പിച്ച അപേക്ഷകൾ സ്പെഷ്യൽ തഹസിൽദാർ പരിശോധന നടത്തിയതിനു ശേഷം സമർപ്പിച്ച റിപ്പോർട്ടിൻ മേൽ തുടർനടപടികൾക്കായി റീജിയണൽ കമ്മിറ്റി ചേർന്നു. പാണിയേലി, മുനിപ്പാറ വാർഡുകളിലെ കുറുവാനപ്പാറ, കുമ്പളതോട്, വീട്ടിമോളം,തൊടാക്കയം, പേഴാട് എന്നിവിടങ്ങളിൽ നിന്നുള്ളവരുടെ അപേക്ഷകളാണ് പരിശോധിച്ചത്.
തൃശ്ശൂർ, സെൻട്രൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ അനൂപ് കെ.ആറിന്റെ അദ്ധ്യക്ഷതയിലാണ് യോഗം ചേർന്നത്. മലയാറ്റൂർ ഡി.എഫ്.ഒ രവികുമാർ മീണ ,വേങ്ങൂർ പഞ്ചായത്ത് പ്രസിഡന്റ് ശിൽപ സുധീഷ് , ജെസി അഗസ്റ്റിൻ ( തഹസിൽദാർ, കുന്നത്തുനാട്), നസീർ കെ.എം ( വില്ലേജ് ഓഫീസർ, കൊമ്പനാട് ), രാജീവ്. പി ( ട്രൈബൽ ഓഫീസർ, ഇടമലയാർ), ബേസിൽ കല്ലറക്കൽ ( അംഗം,പാണിയേലി), ബിജു പീറ്റർ ( ചെയർമാൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി, വേങ്ങൂർ പഞ്ചായത്ത് ), അഫ്സൽ രാജ് ( സെക്രട്ടറി, വേങ്ങൂർ പഞ്ചായത്ത് ), രാജീവ്. എസ് ( ജില്ലാ പട്ടികജാതി വികസന ഓഫീസർ ), അനീഷ്.ബി, ജയപ്രകാശ് തുടങ്ങിയവരായിരുന്നു കമ്മറ്റിയിൽ പങ്കെടുത്തത്.
പഞ്ചായത്തിൽ നിന്നും ലഭിച്ച 33 അപേക്ഷകളിൽ നിന്ന് 32 (1, അപേക്ഷ പൂർണമായും തള്ളിക്കളഞ്ഞു) ആളുകൾക്ക് സ്പെഷ്യൽ തഹസിൽദാർ പരിശോധനകൾക്കു ശേഷം റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുള്ള രേഖകൾ ഹാജരാക്കുന്നത് അനുസരിച്ച് അർഹരായ വ്യക്തികൾക്ക് യൂണിറ്റ് ഒന്നിന് 15 ലക്ഷം രൂപ നിരക്കിൽ തുക അനുവദിക്കുമെന്ന് ചീഫ് കൺസർവേറ്റർ അനൂപ് കെ.ആർ അറിയിച്ചു.