മൂവാറ്റുപുഴ: കൊച്ചി-മൂന്നാർ എൻ. എച്ച് 85 വികസന പദ്ധതിയുടെ ടെൻഡർ നടപടികൾ അവസാന ഘട്ടത്തിലേക്ക്. കുണ്ടന്നുർ മുതൽ മൂന്നാർ വരെ 124.636 കി.മീ റോഡാണ് വികസിപ്പിക്കുന്നത്. 2 വരി പാതയോടൊപ്പം പ്രത്യേക ഫുട്പാത്ത് ഉൾപ്പെടെ സജ്ജീകരിച്ച് റോഡ് അന്താരാഷ്ട്ര നിലവാരത്തിലാക്കുന്നതെന്ന് ഡീൻ കുര്യാക്കോസ് എം.പി. പറഞ്ഞു.
889.7 കോടി രൂപയാണ് ഇതിനായി ഉൾക്കൊള്ളിച്ചിരിക്കുന്നത്. നേര്യമംഗലത്ത് പുതിയ ഒരു പാലം ഉൾപ്പടെയാണ് ടെൻഡർ ചെയ്യപ്പെടുന്നത്. നവംബർ ആദ്യവാരത്തോടെ കൂടി ഫിനാൻഷ്യൽ ബിഡ് ഓപ്പൺ ചെയ്യും. കഴിഞ്ഞ സെപ്റ്റംബർ മാസത്തിൽ ടെൻഡർ കാലാവധി കഴിഞ്ഞപ്പോൾ 4 പേരാണ് ടെൻഡർ സമർപ്പിച്ചിരിക്കുന്നത്. അവരെ സംബന്ധിച്ചുള്ള ടെക്നിക്കൽ ഇവാലുവേഷൻ നാഷണൽ ഹൈവേ അതോറിറ്റി ഒഫ് ഇന്ത്യ പരിശോധിക്കുകയാണ്. നവംബർ ആദ്യവാരം ടെൻഡർ ഓപ്പൺ ചെയ്യും.
മൂവാറ്റുപുഴ- കോതമംഗലം ബൈപ്പാസ്
മൂവാറ്റുപുഴ - കോതമംഗലം ബൈപ്പാസു മായി ബന്ധപ്പെട്ട നാഷണൽ ഹൈവേ അതോറിറ്റി ഒഫ് ഇന്ത്യ 50 ശതമാനം സ്ഥലമേറ്റെടുപ്പ് ചെലവ് സംസ്ഥാന സർക്കാരിനോട് വഹിക്കുവാൻ ആവശ്യപ്പെട്ടുവെങ്കിലും ഫണ്ടിന്റെ അപര്യാപ്തതമൂലം സംസ്ഥാന സർക്കാർ ഇത് സംബന്ധിച്ച് തീരുമാനം വൈകിപ്പിക്കുകയായിരുന്നു. ഈ വിവരം കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയെയും മറ്റു വകുപ്പ് ഉദ്യോഗസ്ഥരെയും നേരിട്ട് അറിയിച്ചതിനെതുടർന്ന് പദ്ധതിയുടെ പദ്ധതി ചെലവ് കുറയ്ക്കുന്നതിന് വേണ്ടി 30 മീറ്റർ വീതിയിലാണ് സർവ്വേ ചെയ്തിരിക്കുന്നത്. 20 മീറ്ററായി ചെലവ് കുറയുമെങ്കിൽ ഏറ്റെടുക്കൽ തുക കുറച്ചു കേന്ദ്ര സർക്കാർ തന്നെ നേരിട്ട് നടപ്പിലാക്കുന്നതിനുവേണ്ടി ആവശ്യപ്പെട്ടിരിക്കുകയാണെന്നും എം.പി. പറഞ്ഞു.
പി.എം.ജി.എസ്.വൈ
കേന്ദ്രസർക്കാരിന്റെ പി.എം.ജി.എസ്.വൈ മൂന്നാം ഘട്ട പദ്ധതിയിൽ മൂവാറ്റുപുഴ, കോതമംഗലം മണ്ഡലങ്ങളിൽ 33.28 കോടി രൂപയുടെ 7 പദ്ധതി പ്രാബല്യത്തിലാണെന്ന് ഡീൻ കുര്യാക്കോസ് എം.പി. പറഞ്ഞു. കോതമംഗലം ബ്ലോക്കിലെ നടുക്കുടി പാലം - 396.47 ലക്ഷം രൂപ അനുവദിച്ചിട്ടുള്ളതും നിർമ്മാണ പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലാണ്. ഡിസംബർ മാസത്തോടു കൂടി ഉദ്ഘാടനം നടത്താമെന്നാണ് പ്രതീക്ഷിക്കുന്നത്. മൂവാറ്റുപുഴ ബ്ലോക്കിലെ വേങ്ങച്ചുവട് - വടകോട് - കല്ലൂർക്കാട് റോഡ് - 211.94 ലക്ഷം രൂപ അനുവദിച്ചിട്ടുള്ളതും, നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നതുമാണെന്നും ഡീൻ കുര്യാക്കോസ് എം.പി പറഞ്ഞു.