തോപ്പുംപടി: തോപ്പുംപടിയിൽ സ്വകാര്യ ബസിടിച്ച് പ്രവാസി മരിച്ച് ഇരുപത് ദിവസം പിന്നിട്ടിട്ടും ഡ്രൈവറെ പിടികൂടാൻ പൊലീസിനായില്ല. അപകടത്തിൽ മരിച്ച ഇടക്കൊച്ചി സ്വദേശി ചാലേപ്പറമ്പിൽ
ലോറൻസ് വർഗീസിന്റെ ബന്ധുക്കൾ നിരവധി സമരങ്ങൾ നടത്തുകയും അധികാരികൾക്ക് പരാതി നൽകുകയും ചെയ്തിട്ടും ഫലമുണ്ടായിട്ടില്ല. അപകടം വരുത്തിയ ബസ് പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.
വിഷയത്തിൽ കെ.എൽ.സി.എ സംഘടന അന്വേഷണ ഉദ്യോഗസ്ഥനായ മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മിഷണർക്ക് പരാതി നൽകിയിട്ടുണ്ട്. ബസ് കസ്റ്റഡിയിലാണെന്നും ഡ്രൈവർക്കായുള്ള തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ടെന്നുമാണ് പൊലീസ് പറയുന്നത്.
കൊച്ചിയിൽ സർവീസ് നടത്തുന്ന ഒരു പ്രമുഖ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ് അപകടത്തിന് കാരണമായ ബസ്. ഉദ്യോഗസ്ഥരും ബസ് ഉടമയുമായുള്ള അവിശുദ്ധ ബന്ധം ഡ്രൈവറുടെ അറസ്റ്റ് വൈകുന്നതിന് കാരണമാകുന്നെന്ന് സംശയിക്കുന്നതായി കെ.എൽ.സി.എ ഭാരവാഹികൾ പറഞ്ഞു. ഇതിനിടെ, ഡ്രൈവർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി.